സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന് വധശിക്ഷയില്‍ നിന്നും മോചനം ലഭിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. സംസ്ഥാമം ഒന്നാകെ ചേര്‍ന്ന് സമാഹരിച്ച 34 കോടി രൂപ ദയാധനം കൈമാറിയതോടെ അബ്ദുള്‍ റഹീമിന് സൗദി യുവാവിന്റെ കുടുംബം മാപ്പ് നല്‍കിയിരുന്നു.
ഇപ്പോഴിതാ വധശിക്ഷ റദ്ദ് ചെയ്തുകൊണ്ടുള്ള റിയാദ് ക്രിമിനല്‍ കോടതിയുടെ ഉത്തരവിന് പിന്നാലെ അബ്ദുല്‍ റഹീം ബോബി ചെമ്മണ്ണൂരിനെ ഫോണില്‍ വിളിച്ചു. നന്ദി അറിയിക്കാനാണ് റഹീം ബോച്ചെയെ വിളിച്ചത്.
അബ്ദുല്‍ റഹീമിന്റെ ഫോണ്‍ കോള്‍ ബോബി ചെമ്മണ്ണൂര്‍ ഇന്‍സ്റ്റാഗ്രാം വഴി പങ്കുവെച്ചു. സൃഷ്ടാവിനോടാണ് നന്ദി പറയേണ്ടതെന്നും തന്നോട് നന്ദി പറയേണ്ട ആവശ്യമില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഒരു കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കണമെന്നും 18 വര്‍ഷം മുമ്പ് ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഇനി ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇനി നാട്ടില്‍ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ടെന്നും ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാമെന്നും ബോബി ചെമ്മണ്ണൂര്‍ റഹീമിനെ അറിയിച്ചു. അതേസമയം വധശിക്ഷ റദ്ദാക്കിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ റഹീമിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകൂ.
സ്പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകന് മരിച്ച കേസില്‍ 2006ലാണ് വധശിക്ഷ വിധിക്കപ്പെട്ട് റഹീം ജയിലിലായത്.