ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പായ വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വേണ്ടി അവതരിപ്പിച്ച പുതിയ ഫീച്ചറായിരുന്നു മെറ്റ എ ഐ. ആളുകള്‍ക്കിടയില്‍ മെറ്റ എ ഐ തരംഗമായിക്കൊണ്ടിരിക്കേ തന്നെ മറ്റൊരു ഫീച്ചറാണ് വാട്സ്ആപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
ഇമാജിന്‍ മീ എന്നാണ് ഇതിന്റെ പേര്. യഥാര്‍ഥ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യക്തിഗതമായ സ്റ്റിക്കറുകളും എഐ അവതാറുകളും തയ്യാറാക്കാം എന്നതാണ് ഇമാജിന്‍ മീയുടെ സവിശേഷതകള്‍. പുത്തന്‍ ഫീച്ചറിന്റെ സ്ക്രീന്‍ഷോട്ട് വാബെറ്റിന്റെ പുറത്തുവിട്ടു. ഈ ഫീച്ചര്‍ ഉപയോഗിക്കാനായി ചിത്രങ്ങള്‍ മാത്രം അപ്ലോഡ് ചെയ്താല്‍ മതിയാകും എന്നാണ് സൂചന. ഈ ചിത്രങ്ങള്‍ പ്രൊഫൈല്‍ പിക്ച്ചറുകള്‍ ആക്കി ഉപയോഗിക്കാനും കഴിഞ്ഞേക്കും. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 2.24.14.13 ബീറ്റ വേര്‍ഷനിലാവും ഇത് ലഭ്യമാവുക. ഇമാജിന്‍ മീ ഫീച്ചര്‍ ഓപ്ഷനലായിരിക്കുമെന്നും ഇത് ഉപയോഗിക്കണമെങ്കില്‍ യൂസര്‍മാര്‍ സെറ്റിങ്സില്‍ കയറി അനുമതി നല്‍കണമെന്നും സൂചനയുണ്ട്.
മെറ്റ എഐ നിലവില്‍ വാട്സ്ആപ്പിന് പുറമെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയിലും ലഭ്യമാണ്. കൂടാതെ meta.ai എന്ന യുആര്‍എല്‍ വഴി എഐ ചാറ്റ്ബോട്ട് നേരിട്ട് ഉപയോഗിക്കുകയും ചെയ്യാം. ഓരോ പ്ലാറ്റ്ഫോമിലേക്കും പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. മെറ്റ പ്ലാറ്റ്ഫോംസിന്റെ പുതിയ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. തുടക്കത്തില്‍ ഇംഗ്ലീഷ് ഭാഷയിലാണ് മെറ്റ എഐ സേവനങ്ങള്‍ എല്ലാവര്ക്കും ലഭ്യമാകുക. മെറ്റ എഐ വന്നതോടെ വാട്സ്ആപ്പില്‍ എന്തെങ്കിലും ചെയ്യുന്നതിനായി ആപ്പില്‍ ചാറ്റ്ബോട്ടിന് നിര്‍ദേശം നല്കിയാല് മതിയാകും. ഒരു വ്യക്തിയോട് എന്ന പോലെ ഉപയോക്താവിന് മെറ്റ എഐ അസിസ്റ്റന്റുമായി സംസാരിക്കാം.