ഇസ്ലാമാബാദ് : മുഹറം പ്രമാണിച്ച് ആറ് ദിവസത്തേക്ക് ഫേസ്ബുക്ക്, യുട്യൂബ്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ടിക് ടോക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം നിരോധിക്കാന്‍ പാകിസ്ഥാന് സര്‍ക്കാര്‍ ഒരുങ്ങുന്നു. ജൂലായ് 13 മുതല്‍ 18 വരെ ഉള്ള ആറ് ദിവസത്തേക്ക് ആണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.
പഞ്ചാബില്‍ മുഹറം 6 മുതല്‍ 11 വരെ (ജൂലായ് 13- 18) കാലയളവില്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും നിരോധിക്കാന്‍ മുഖ്യമന്ത്രി മറിയം നവാസിന്റെ കാബിനറ്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തെന്നാണ് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
120 ദശലക്ഷത്തിലധികം ജനങ്ങളുള്ള ഒരു പ്രവിശ്യയില്‍ വിദ്വേഷപരമായ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍, വിഭാഗീയ അക്രമം ഒഴിവാക്കാന്‍,? തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവ തടയുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. വ്യാഴാഴ്ച രാത്രിയാണ് പഞ്ചാബ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. നേരത്തെ നാല് മാസത്തോളം പാകിസ്ഥാനില്‍ എക്സ് അക്കൗണ്ട് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
ആറ് ദിവസത്തേക്ക് (ജൂലായ് 13-18) ഇന്റര്‍നെറ്റിലെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത് അറിയിക്കാന്‍ മറിയം നവാസിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സര്‍ക്കാര്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മറിയം നവാസിന്റെ അമ്മാവനാണ് ഷെഹബാസ് ഷെരീഫ്.
അതേസമയം, പാകിസ്ഥാന് ആര്‍മി ചീഫ് ജനറല്‍ അസിം മുനീര്‍ ഇതിനകം സോഷ്യല്‍ മീഡിയയെ 'വിഷകരമായ മീഡിയ' ആയി പ്രഖ്യാപിക്കുകയും ഇത്തരം ഡിജിറ്റല്‍ ഭീകരതയെ ചെറുക്കേണ്ടതിന്റെ ആവശ്യകത അടിവരയിടുകയും ചെയ്തിരുന്നു. വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള പാകിസ്ഥാന് ഉപപ്രധാനമന്ത്രി ഇഷാഖ് ദാര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.