കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്ജന് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി ഹൈക്കോടതി. പൊലീസിന്റെ കുറ്റപത്രം വിചാരണ ചെയ്യപ്പെടേണ്ടതാണെന്ന് വ്യക്തമാക്കിയാണ് ഹൈകോടതിയുടെ നടപടി. ഹര്‍ജി തളളിയതോടെ കേസിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്തതും അസാധുവായി. അതേസമയം പ്രതിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്ന നടപടിയാണ് ഇനിയുള്ളത്.
കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതി സന്ദീപിന്റെ ആവശ്യം. കേസില്‍ സന്ദീപിനെതിരെ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് റദ്ദാക്കി തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. സന്ദീപിന്റെ ഹര്‍ജി നേരത്തെ വിചാരണക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെ ആയിരുന്നു ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ഡോ.വന്ദന ദാസ് മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിക്കിടെ കൊല്ലപ്പെട്ടത്. ചികിത്സക്കായി പൊലീസ് ആശുപത്രിയില്‍ എത്തിച്ച പ്രതി സന്ദീപ് ഡോ.വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. കൊല്ലം നെടുമ്പന യു പി സ്കൂള്‍ അധ്യാപകനായിരുന്നു പ്രതി.