പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര വളര്‍ച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന എല്ലാ മേഖലകളിലും ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നതായി അദ്ദേഹം എക്സില്‍ കുറിച്ചു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിനായി പ്രവര്‍ത്തിക്കാന്‍ ഇരുവരും സമ്മതിച്ചതായും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയും യുകെയും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഇരു നേതാക്കളും അനുസ്മരിക്കുകയും രാജ്യങ്ങള്‍ തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള തങ്ങളുടെ പ്രതിബദ്ധത അറിയിക്കുകയും ചെയ്തു. ഇന്ത്യാ സന്ദര്‍ശനത്തിനായി സ്റ്റാര്‍മറിനെ മോദി ക്ഷണിച്ചതായും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, തന്റെ വിശ്വസ്തരായ നേതാക്കളെ കീര്‍ സ്റ്റാര്‍മര്‍.പ്രധാന വകുപ്പുകളുടെ ചുമതല ഏല്‍പ്പിച്ചു. വലിയ ഭൂരിപക്ഷത്തോടെ നം.10-ലേക്ക് എത്തിയതിന് പിന്നാലെയാണ് അദ്ദേഹം ആദ്യ ക്യാബിനറ്റിനെ പ്രഖ്യാപിച്ചത്. തന്റെ വിശ്വസ്തയായ ആഞ്ചെല റെയ്നറെ ഉപപ്രധാനമന്ത്രിയായി നിയോഗിച്ചു. കീര്‍ സ്റ്റാര്‍മറുടെ ആദ്യ അപ്പോയിന്റ്മെന്റും ഇതാണ്. ഷാഡോ മന്ത്രിമാരെ കാര്യമായി മാറ്റങ്ങള്‍ ഇല്ലാതെ ടോപ്പ് ടീമില്‍ എത്തിച്ചാണ് സ്റ്റാര്‍മര്‍ പുതിയ ക്യാബിനറ്റിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
റേച്ചല്‍ റീവ്സ് 800 വര്‍ഷത്തിനിടെ ട്രഷറിയുടെ ചുമതല ഏല്ക്കുന്ന ആദ്യ വനിതയായി. തന്റെ ആദ്യ ബജറ്റിനുള്ള തയ്യാറെടുപ്പിലാണ് റീവ്സ്. 'ഇത് കാണുന്ന എല്ലാ യുവതികളും, പെണ്‍കുട്ടികളും മനസ്സിലാക്കണം, നിങ്ങളുടെ ലക്ഷ്യങ്ങള്‍ പരിധി വേണ്ടെന്ന്. കാര്യങ്ങള്‍ എളുപ്പമാകുമെന്ന് പറയുകയല്ല. വലിയ റോഡാണ് മുന്നിലുള്ളത്. ഒപ്പം ഉത്തരവാദിത്വവും വരും', റീവ്സ് തന്റെ ജീവനക്കാരോട് പറഞ്ഞു.
ഉപപ്രധാനമന്ത്രിയായ റെയ്നര്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹൗസിംഗ് & ലെവലിംഗ് അപ്പും നയിക്കും. ലേബറിന്റെ ആദ്യ 100 ദിനങ്ങളില്‍ കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന ഹൗസിംഗ് പ്രഖ്യാപനങ്ങളും, ലക്ഷ്യങ്ങളുമാണ് റെയ്നറുടെ ആദ്യ നടപടി.
വെറ്റ് കൂപ്പര്‍ ഹോം സെക്രട്ടറിയായി മടങ്ങിയെത്തിയപ്പോള്‍ സംശയത്തിലായിരുന്ന ഡേവിഡ് ലാമിയെ ഫോറിന് സെക്രട്ടറിയാക്കിയാണ് സ്റ്റാര്‍മര്‍ അഭ്യൂഹങ്ങള്‍ക്ക് അവസാനം കുറിച്ചത്. ലൂസി പോവെല്‍ ജനപ്രതിനിധി സഭയില്‍ പാര്‍ട്ടിയെ നയിക്കുമ്പോള്‍ ബരോണസ് സ്മിത്ത് ഓഫ് ബാസില്ഡണ് പ്രഭു സഭയില്‍ ലേബര്‍ പാര്‍ട്ടിയെ നയിക്കും.