മനസ്സില്‍ തങ്ങുന്ന നിരവധി ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകന് ബ്ലെസിയുടെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് 'കല്‍ക്കട്ടാ ന്യൂസ്'. ദിലീപ് നായകനായ ചിത്രത്തിലെ റെഡ് സ്ട്രീറ്റിലുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു എന്ന് നേരത്തെ ബ്ലെസി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അന്നുണ്ടായ മറ്റൊരു അനുഭവം ആണ് ബ്ലെസി പറയുന്നത്.
കൊല്‍ക്കത്താ നഗരത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ സിനിമയില്‍ പ്രധാന ഭാഗങ്ങളായിരുന്നു റെഡ് സ്ട്രീറ്റില്‍ ഷൂട്ട് ചെയ്തത്. എന്നാല്‍ അന്ന് തന്റെ മനസ്സുലയ്ക്കുന്ന ഒരു സംഭവം ഉണ്ടായെന്നാണ് ബ്ലെസി പറയുന്നത്. റെഡ് സ്ട്രീറ്റില്‍ ഒരു മലയാളി പെണ്‍കുട്ടിയുടെ സാന്നിധ്യം ഉണ്ടെന്നറിഞ്ഞത് തന്നെ ദുഃഖത്തിലാഴ്ത്തിയെന്നാണ് സംവിധായകന് പറയുന്നത്.
'കല്‍ക്കട്ട ന്യൂസിന്റെ ഒരു ഭാഗം ചിത്രീകരിച്ചത് റെഡ് സ്ട്രീറ്റില്‍ ആയിരുന്നു. നമ്മള് എത്രത്തോളം സൗഭാഗ്യത്തിലാണ് ജീവിക്കുന്നത് എന്നുള്ള തിരിച്ചറിവ് കിട്ടുന്നത് ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്ബോഴാണ്. സ്വാതന്ത്ര്യം, ഭക്ഷണം എന്നിങ്ങനെയെല്ലാം ദരിദ്രന് ആണെങ്കില്‍ പോലും നമുക്ക് ജീവിതത്തില്‍ ലഭിക്കുന്നുണ്ടല്ലോ. എന്നാല്‍ ഇതിന്റെയെല്ലാം തടവറയില്‍ കഴിയുന്ന കുറെ മനുഷ്യരുണ്ട്. എന്നെ ഏറെ വേദനിപ്പിച്ച ഒരു സംഭവം അവിടെ ഉണ്ടായി'.
'ഒരു മലയാളം മാഗസിനില്‍ ഒരു പേപ്പര്‍ കൊടുത്തു വിട്ടിരിക്കുന്നു. ദിലീപിന്റെ ഫോട്ടോഗ്രാഫ് വാങ്ങാന്‍. ഒരു പേപ്പറാണ് കൊടുത്തു വിട്ടിരിക്കുന്നത്. അതു കൊടുത്തു വിട്ടത് ഒരു മലയാളി പെണ്‍കുട്ടിയാണ്. അവളുടെ മുഖം കാണിക്കാന്‍ താല്പര്യപ്പെട്ടില്ല. എന്റെ മനസ്സ് അപ്പോള്‍ വേദനിച്ചു. അവിടെ എന്റെ ഒരു സഹപാഠി ഉണ്ടാകുമോ, എന്റെ അയല്‍ക്കാരിയോ, നാട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടി ഉണ്ടാകുമോ എന്നിങ്ങനെയുള്ള ചിന്തയായിരുന്നു എനിക്ക്. ശരീരം വില്‍ക്കുന്ന ഒരു സ്ത്രീയെ വളരെ മോശമായി കാണുന്ന ഒരു അവസ്ഥ. അത് അവരുടെ തെറ്റല്ല. അവരുടെ സാഹചര്യം കൊണ്ട് ഉണ്ടാകുന്നതാണ്. അറിയാതെ സംഭവിച്ചു പോയ ഒന്നിന്റെ തുടര്‍ച്ച, ഒരുനേരത്തെ ആഹാരം, ആരുടെയെങ്കിലും അടിമ ഇതെല്ലാം ആയിരിക്കാം അവരെ ഇവിടെ കൊണ്ട് എത്തിച്ചത്. ഇതിന്റെയെല്ലാം ഉത്തരവാദി നമ്മളാണ്'- ബ്ലെസി പറഞ്ഞു