ജീവിച്ചിരിക്കുന്നവര്‍ സിനിമ കണ്ട് ഉല്ലസിക്കുന്നത് പോലെ മരിച്ചവര്‍ക്ക് സാധിക്കുമോ? എന്നാല്‍ മരിച്ചവര്‍ക്കും ഉല്ലസിക്കാന്‍ സിനിമ പ്രദര്‍ശനം നടത്തിയ ഒരു കൂട്ടം ആളുകളെ കുറിച്ചുള്ള വാര്‍ത്തയാണ് തായ്ലന്ഡില് നിന്നും പുറത്ത് വരുന്നത്.
ജൂണ്‍ രണ്ട് മുതല്‍ ആറ് വരെ തായ്ലന്ഡിലെ സവാങ് മെട്ട തമ്മസതന്‍ ഫൗണ്ടേഷന് ആത്മാക്കള്‍ക്കായി സിനിമാ പ്രദര്‍ശനം നടത്തി. ഏകദേശം 3000 ആളുകളെ അടക്കിയിട്ടുള്ള ശ്മാശാനത്തില്‍ ആണ് ഇത്തരത്തില്‍ പ്രദര്‍ശനം നടത്തിയത്.
കേള്‍ക്കുന്നവര്‍ക്ക് വിശ്വസിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണെങ്കിലും ഇവര്‍ വളരെ ഗംഭീരമായിട്ടാണ് ഈ സിനിമാ പ്രദര്‍ശനം നടത്തിയത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം ആണ് ഈ വിവരങ്ങള്‍ പുറത്ത് വന്നത്.
ആത്മാക്കള്‍ക്കിരിക്കാനായി ഒഴിഞ്ഞ കസേരകളും ഇവിടെ സജ്ജീകരിച്ചിരുന്നു. ആധുനിക രീതിയിലുള്ള വിനോദം നല്‍കാനും ആത്മാക്കളെ സമാധാനിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിനിമാ പ്രദര്‍ശനം നടത്തിയത് എന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. എല്ലാ ദിവസവും രാത്രി 7 മണിക്ക് ആരംഭിച്ച പ്രദര്‍ശനം അര്‍ദ്ധരാത്രിയോടെ അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഈ പ്രദര്‍ശനത്തില്‍ ശ്മശാനത്തിലെ നാലു ജീവനക്കാര്‍ മാത്രമാണ് ജീവനുള്ളവരായി കാണികളുടെ കസേരയില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ള മുഴുവന്‍ കസേരകളും മരിച്ചുപോയവരുടെ ആത്മാക്കള്‍ക്കായി ഇവര്‍ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. സിനിമാ പ്രദര്‍ശനത്തോടൊപ്പം ജീവനക്കാര്‍ മരിച്ചവര്‍ക്കായി ഭക്ഷണം, വസ്ത്രം, വാഹനങ്ങള്‍, മോഡല്‍ വീടുകള്‍, മറ്റ് ദൈനംദിന അവശ്യത്തിനുള്ള വസ്തുക്കള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു.