
പാരീസ് ഒളിമ്പിക്സിലെ അയോഗ്യതയില്‍ വിനേഷ് ഫോഗട്ട് കായിക തര്‍ക്കപരിഹാര കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിക്കളഞ്ഞതിനു പിന്നാലെ ആദ്യ പ്രതികരണം നടത്തി താരം. ദൗര്‍ഭാഗ്യകരമായ സാഹചര്യത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നതെന്നും സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച തുറന്ന കത്തില്‍ വിനേഷ് ഫോഗട്ട് വ്യക്തമാക്കി. ഞാന്‍ എന്തു വിശ്വസിച്ചോ, അതിനായി പോരാട്ടം തുടരുമെന്നും ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് അറിയില്ലെന്നും താരം തന്റെ കുറിപ്പില്‍ വ്യക്തമാക്കി. 2032 വരെ ഗോദയില്‍ തുടരണമെന്ന് ആഗ്രഹമുണ്ടെന്നും താരം കുറിച്ചു.
വൈകാരികമായ തുറന്നുപറച്ചില്‍ നടത്തിയ പോസ്റ്റില്‍ തന്റെ കുട്ടിക്കാല സ്വപ്നങ്ങള്‍, അച്ഛനെ നഷ്ടപ്പെട്ടതിനു പിന്നാലെ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍, പാരീസില്‍ സംഭവിച്ച ഹൃദയഭേദകമായ അവസ്ഥ, അതിനോട് ജനങ്ങളുടെ പ്രതികരണം എന്നിവയെല്ലാം പോസ്റ്റില്‍ പ്രതിപാദിക്കുന്നുണ്ട്. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ 2032 വരെ ഗുസ്തി കരിയര്‍ തുടരും. എന്തെന്നാല്‍ തന്റെ അകത്ത് എല്ലായ്പ്പോഴും ഗുസ്തിയുണ്ട്. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല. അടുത്തതെന്താണ് കാത്തിരിക്കുന്നതെന്നും അറിയില്ല. ഞാന്‍ ശരിയെന്ന് വിശ്വസിക്കുന്ന കാര്യത്തിനായി എപ്പോഴുമുള്ള പോരാട്ടം തുടരുമെന്ന് വിനേഷ് വ്യക്തമാക്കി.
കുറിപ്പില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നിയമിച്ച ഡോ. ദിനേശ് പടിവാലയുടെ പേര് എടുത്തുപറഞ്ഞ് താരം നന്ദി രേഖപ്പെടുത്തുന്നുണ്ട്. പരിക്ക് മൂലം ആത്മവിശ്വാസം നഷ്ടപ്പെടുമ്പോളെല്ലാം അദ്ദേഹത്തിന്റെ ഊര്‍ജവും തന്നിലുളള വിശ്വാസവുമാണ് തന്നെ വീണ്ടും ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതെന്ന് വിനേഷ് കുറിക്കുന്നു.
വനിതാ ഗുസ്തി രംഗത്ത് ശാന്തതയോടെയും ക്ഷമയോടെയും ആത്മവിശ്വാസത്തോടെയും ഏത് സാഹചര്യത്തെയും നേരിടാന്‍ കഴിവുള്ള മികച്ച പരിശീലകനും വഴികാട്ടിയും മികച്ച മനുഷ്യനുമാണ് കോച്ച് വോളര്‍ അകോസെന്നും വിനേഷ് തുറന്നെഴുതി. പരിശ്രമം ഉപേക്ഷിക്കുകയോ കീഴടങ്ങുകയോ ചെയ്തിട്ടില്ല. പാരീസില്‍ സമയം അനുകൂലമായിരുന്നില്ല. അത് തന്റെ വിധിയായിരുന്നെന്നും വിനേഷ് വ്യക്തമാക്കി.
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ പരാമര്‍ശിക്കുന്ന വിനേഷ് താന്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടതെന്നും ത്രിവര്‍ണ്ണപതാകയുടെ വിശുദ്ധി തനിക്ക് കാത്തുസൂക്ഷിക്കേണ്ടിയിരുന്നെന്നും താരം കുറിച്ചു. രാജ്യത്തിന്റെ കൊടി പാരീസില്‍ പാറിക്കളിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും വിനേഷ് പറഞ്ഞു.
പാരീസ് ഒളിമ്പിക്സില്‍ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ മത്സരിച്ച വിനേഷ് ഫോഗട്ട്, ലോക ഒന്നാംനമ്പര്‍ താരത്തെയടക്കം മലര്‍ത്തിയടിച്ച് ഫൈനലില്‍ പ്രവേശിച്ചിരുന്നു. ഇതോടെ ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി വിനേഷ് മാറി. എന്നാല്‍ ഫൈനല്‍ ദിവസം രാവിലെ നടന്ന ഭാരപരിശോധനയില്‍ വിനേഷിന് നൂറ് ഗ്രാം അധികഭാരമുള്ളതായി കണ്ടെത്തി. ഇതോടെ അയോഗ്യത കല്‍പ്പിച്ചു. തുടര്‍ന്ന് വെള്ളി മെഡല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കായിക കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളിക്കളഞ്ഞു. ഇതോടെ ഫൈനലിലെത്തിയിട്ടും അവസാന സ്ഥാനക്കാരിയായി പാരീസില്‍നിന്ന് മടങ്ങേണ്ടിവന്നു.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
