ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ഗിഗ്ഗിള് ആപ്പില്‍ പ്രവേശനം നിഷേധിച്ചു. യുവതിക്ക് നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടു. മെല്‍ബണിലാണ് സംഭവം. ഓസ്ട്രേലിയയില്‍ വനിതകള്‍ മാത്രമുള്ള സോഷ്യല്‍ മീഡിയ ആപ്പായ ഗിഗ്ഗിള് ആണ് ട്രാന്സ്ജെന്റര് യുവതിക്ക് പ്രവേശനം നിഷേധിച്ചത്. ഫെഡറല്‍ കോടതിയാണ് ഇവര്‍ക്ക് നഷ്ടപരിഹാരം വിധിച്ചത്.
ജസ്റ്റിസ് റോബര്‍ട്ട് ബ്രോംവിച്ചാണ് നിയമ പോരാട്ടത്തിനിറങ്ങിയ റൊക്സാന്‍ ടിക്കിള്‍ എന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് കോടതി ചെലവുകള്‍ക്ക് പുറമെ 6700 ഡോളര്‍ നല്കാന് ഉത്തരവിട്ടത്.
സ്ത്രീകള്‍ക്ക് മാത്രമുള്ള സോഷ്യല്‍ മീഡിയ ആപ്പിനെതിരായാണ് ഇവര്‍ കോടതിയെ സമീപിച്ചത്. കോടതി റൊക്സാന്‍ ടിക്കിളിനോട് ആപ്പ് പരോക്ഷ വിവേചനം കാണിച്ചതായി കണ്ടെത്തി. ആദ്യഘട്ടത്തില്‍ സെല്‍ഫി അപ്ലോഡ് ചെയ്ത് നടപടിക്രമങ്ങള്‍ക്കു ശേഷം അവര്‍ ആപ്പില്‍ പ്രവേശനം നേടി. പിന്നീട് ഏഴു മാസത്തിന് ശേഷം അവരുടെ അംഗത്വം റദ്ദാക്കുകയായിരുന്നു.
ഒരു സ്ത്രീയായി തിരിച്ചറിയപ്പെടുന്ന ഒരാളെന്ന നിലയില്‍, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സേവനങ്ങള്‍ ഉപയോഗിക്കാന്‍ തനിക്ക് നിയമപരമായി അര്‍ഹതയുണ്ടെന്നും തന്റെ ലിംഗഭേദം അടിസ്ഥാനമാക്കി തന്നോട് വിവേചനം കാണിക്കുന്നുവെന്നും ടിക്കിള്‍ കോടതിയില്‍ വാദിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഗിഗിളിനെതിരെയും അതിന്റെ സി.ഇ.ഒ സാല് ഗ്രോവറിനെതിരെയും കേസ് കൊടുക്കുകയായിരുന്നു. വിധി ആസ്ട്രേലിയയില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്.