ലിവര്‍പൂള്‍: നാടന്‍ പാട്ടിന്റെ രാജകുമാരി പ്രസീത ചാലക്കുടിയും സംഘവും നയിക്കുന്ന സ്റ്റേജ് ഷോ ഈ ഓണക്കാലത്ത് യുകെയില്‍ എത്തുന്നു. ഈ സെപ്റ്റംബര്‍ 20ന് നടക്കുന്ന ആദ്യത്തെ ഷോയ്ക്ക് കളമൊരുങ്ങുന്നത് വിരാലിലെ പോര്‍ട്ട് സണ്‍ലൈറ്റിലുള്ള ഹ്യൂം ഹാളില്‍ ആണ്. 2005 ലെ കലാഭവന്‍ മണിയുടെ സ്റ്റേജ് ഷോയ്ക്ക് ശേഷം വിറാലില്‍ നടക്കുന്ന ആദ്യത്തെ സ്റ്റേജ് ഷോ എന്ന നിലയില്‍ വലിയ ആവേശത്തിലാണ് പ്രദേശവാസികള്‍.
'നിന്നെക്കാണാനെന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നു വരെ വന്നില്ലാരും' എന്ന നാടന്‍പാട്ടിന്റെ ശീലുകളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ പ്രസീത ചാലക്കുടി ഫോക്ലോറില്‍ എം. ഫില്ലിന് പുറമേ ഉത്തരകേരളത്തിലെ പുലയരുടെ നാടന്‍ പാട്ടുകള്‍ എന്ന വിഷയത്തില്‍ കേരളകലാമണ്ഡലത്തില്‍ പിഎച്ച്ഡി ചെയ്തിട്ടുണ്ട്. നടനും ഗായകനുമായ ഭര്‍ത്താവ് മനോജ് കരുമുവും പ്രസീതയോടൊപ്പം ഈ സ്റ്റേജ് ഷോയില്‍ പങ്കുചേരുന്നു ചലച്ചിത്ര പിന്നണി ഗാനരംഗത്ത് കുതിച്ചുയരുന്ന പുതിയ നക്ഷത്രങ്ങളാണ് വിഷ്ണുവര്‍ദ്ധനും ഗ്രഷ്യ അരുണും.
സമീപകാലത്തായി യുകെയിലും യൂറോപ്പില്‍ എമ്പാടുമായി നടക്കുന്ന സ്റ്റേജ് ഷോകളിലെ സ്ഥിര സാന്നിധ്യവും വ്യത്യസ്ത ഭാവഗാനങ്ങളുമായി മെജോ ജോസഫും പങ്കുചേരുന്നു. സംഗീത ലഹരിക്ക് നര്‍മ്മത്തിന്റെ മേമ്പൊടി വിതറിക്കൊണ്ട് നര്‍മ്മ സംഭാഷണങ്ങളും സ്‌പോട്ട് ഡബ്ബിങുമായി കലാഭവന്‍ ദിലീപും അരങ്ങ് തകര്‍ക്കുന്നതോടെ രണ്ടര മണിക്കൂര്‍ നീളുന്ന ഈ സ്റ്റേജ് ഷോ അതിന്റെ പാരമ്യത്തില്‍ എത്തും.
പ്രസീത ചാലക്കുടിയുടെ യുകെ ആട്ടക്കളം എന്ന ഈ സ്റ്റേജ് ഷോയുടെ ടിക്കറ്റിന്റെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചത് സീറോ മലബാര്‍ സഭ ലിവര്‍പൂള്‍, ബര്‍ക്കന്‍ ഹെഡ്, ചെസ്റ്റര്‍ മിഷനുകളുടെ വികാരിയായ ഫാ. ജെയിംസ് ജോണ്‍ കോഴിമലയാണ്. പ്രദേശത്തെ ആദ്യകാല മലയാളിയും ലിവര്‍പൂളിലേയും വിരാലിലേയും മതസംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയവരില്‍ പ്രമുഖനുമായ റോയി ജോസഫ് മൂലംകുന്നം ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
Mathew Lukose -07570530111
Linto Antony -07342147755
Dinesh Shashikumar -07423465885
Biju George -07886247099