സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന്റെ ഓണാഘോഷം 'ആരവം 24' മറ്റന്നാള്‍ ശനിയാഴ്ച ഹെയ്സല്‍ ഗ്രൂ സെന്റ്. പീറ്റേഴ്സ് പാരീഷ് ഹാളില്‍ വച്ച് രാവിലെ 10 മണി മുതല്‍ ആഘോഷിക്കുന്നു. പകിട്ടാര്‍ന്ന അത്തപ്പൂക്കളം ഒരുക്കി ഓണപ്പാട്ട് പാടി ആരംഭിക്കുന്ന ഓണാഘോഷ പരിപാടികള്‍ സ്റ്റോക്ക് പോര്‍ട്ട് മേയര്‍ സൂസാന്‍ വയാറ്റ് ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് ഷൈജു തോമസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ പാര്‍ലമെന്റ് അംഗങ്ങളായ ടോം മോറിസണ്‍ എംപി, നവേന്ദു മിശ്ര എംപി, മുന്‍ യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറിയും, നിലവിലെ യുക്മ പിആര്‍ഒ & മീഡിയാ കോര്‍ഡിനേറ്ററുമായ അലക്സ് വര്‍ഗീസ്, മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് (എംഎംഎ) പ്രസിഡന്റ് അനീഷ് കുര്യന് എന്നിവര്‍ ആശംസകള്‍ നേരും.
ഓണാഘോഷം മികവുറ്റതാക്കാന്‍ അത്തപ്പൂക്കളം, കുഞ്ഞി തുമ്പികളുടെ തുമ്പിതുള്ളല്‍, പുലിക്കളി, വാദ്യമേളം, മോഹനിയാട്ടം, മെഗാതിരുവാതിര, ഓണപ്പാട്ട്, മലയാളി തനിമയാര്‍ന്ന നൃത്ത നൃത്യങ്ങള്‍, ഫാഷന്‍ ഷോ എന്നിവയും ഉണ്ടായിരിക്കും.
വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം പുരുഷന്മാരുടെയും സ്ത്രീകളുടെയും വടംവലി മത്സരവും നടത്തപ്പെടുന്നതാണ്. മാസ്സ് ഓണാഘോഷ പരിപാടികളിലേക്ക് കമ്മിറ്റിക്കു വേണ്ടി ഏവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി പ്രസിഡന്റ് ഷൈജു തോമസ്, സെക്രട്ടറി ജോണ്‍ ജോജി എന്നിവര്‍ അറിയിച്ചു.