തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടനും എംഎല്‍എയുമായ മുകേഷ് തന്നോട് ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് കാണിച്ച് യുവതി പരാതി നല്‍കിയിരുന്നു. എന്നാല്‍ കോടതി ഈ കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യവും നല്കി. ഇപ്പോഴിതാ മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ അപ്പീലിനൊരുങ്ങുന്നു.
വിഷയത്തില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് പ്രത്യേക അന്വേഷണസംഘത്തിന് നിയമോപദേശം നല്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുകേഷിനു ജാമ്യം അനുവദിച്ചത്. നടന് ഇടവേള ബാബുവിനും ജാമ്യം അനുവദിച്ചിരുന്നു.
കോടതിയുടെ വിധി പരാതിക്കാരിയെ അവിശ്വസിക്കുന്നതാണെന്നും വര്‍ഷങ്ങള്‍ പഴക്കമുള്ള കേസാണിതെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കുക. എറണാകുളം സെഷന്‍സ് കോടതിയാണ് മുകേഷ് ജാമ്യമനുവദിച്ചത്. ഇത് കേസിന്റെ തുടരന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്നാണ് അപ്പീലില്‍ ചൂണ്ടിക്കാട്ടുക.
പരാതിക്കാരിയായ നടിയുടെ മൊഴിയില്‍ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ബലപ്രയോഗത്തിലൂടെ ലൈംഗിക പീഡനം എന്ന വാദം കോടതി പൂര്‍ണമായും തള്ളുകയും ചെയ്തിരുന്നു.
മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള വാദത്തില്‍ അതിജീവിത മുകേഷിന് അയച്ച ഇ-മെയിലും സന്ദേശങ്ങളും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. കുറ്റകൃത്യം നടന്നുവെന്ന് ആരോപിക്കപ്പെടുന്നത് 15 വര്‍ഷം മുന്‍പാണ്. അതിനു ശേഷം അയച്ച സന്ദേശങ്ങളാണ് ഹാജരാക്കിയത്. പരാതിക്കാരിക്കു പ്രതിയോട് അങ്ങേയറ്റം ബഹുമാനവും സൗഹൃദവുമുണ്ടെന്നതിനു തെളിവാണ് ഇതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.