സൗജന്യമെന്നും വിലക്കുറവെന്നും കേട്ടാല്‍ എന്ത് ത്യാഗം സഹിച്ചും അത് സ്വന്തമാക്കുന്ന പ്രവണത കണ്ടു വരാറുണ്ട്. കോലഞ്ചേരിയില്‍ പുതുതായി തുടങ്ങിയ കടയ്ക്ക് മുന്നിലും അത്തരത്തില്‍ ഒരു സംഭവം ഉണ്ടായി.
ആദ്യമെത്തുന്ന 10 പേര്‍ക്ക് 2000 രൂപ വിലയുള്ള ഹെല്‍മെറ്റ് ഒരു രൂപയ്ക്ക് കിട്ടുമെന്നറിഞ്ഞ് യുവാക്കളായ ചില ചെറുപ്പക്കാര്‍ ചെയ്ത പ്രവര്‍ത്തിയാണ് വാര്‍ത്തയാകുന്നത്. ഓഫര്‍ സ്വന്തമാക്കുന്നതിനായി ഇവര്‍ കടയ്ക്കു മുന്നില്‍ പായ വിരിച്ച് കിടന്നുറങ്ങുകയായിരുന്നു.
പുതുതായി ആരംഭിക്കുന്ന കടയില്‍ ആദ്യത്തെ മൂന്നു ദിവസത്തേക്ക് ആണ് ഓഫര്‍ ഇട്ടത്. നാട്ടുകാര്‍ വിശ്വസിച്ചില്ലെങ്കിലും ആലപ്പുഴ, ഇടുക്കി ജില്ലയില്‍ നിന്ന് പുലര്‍ച്ചെ എത്തിയവര്‍ ആദ്യ ദിവസം ഹെല്‍മെറ്റുമായി മടങ്ങി. അപ്പോഴാണ് സംഗതി സത്യമാണെന്ന് നാട്ടുകാര്‍ക്ക് മനസിലായത്.
അങ്ങനെ രണ്ടാം ദിവസമെങ്കിലും ഹെല്‍മെറ്റ് സ്വന്തമാക്കണമെന്ന് നിശ്ചയിച്ച കോലഞ്ചേരി കറുകപ്പിള്ളിക്കാരായ മൂന്നു യുവാക്കള്‍ പായും തലയണയും വാങ്ങി വെള്ളിയാഴ്ച രാത്രി കടയ്ക്കു മുന്നില്‍ കിടപ്പായി. അങ്ങനെ, ബേസില്‍ എല്‍ദോ, സന്ദീപ്, ബോണി പോള്‍ എന്നിവര്‍ ഓഫര്‍ നേടി. പുലര്‍ച്ചെ 25ലേറെ യുവാക്കള്‍ എത്തിയെങ്കിലും ഏഴു പേര്‍ക്കു കൂടി മാത്രമേ ഓഫര്‍ ലഭിച്ചുള്ളൂ. ഇന്നുകൂടി ഓഫറുണ്ട്. രാത്രിയിലെ കൊതുകു പടയെ സഹിച്ചെങ്കിലും നഷ്ടമില്ലെന്നാണ് യുവാക്കളുടെ ആശ്വാസം.