ഹേമ കമ്മിറ്റി നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയില്‍ പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വനിതാതാരങ്ങളുടെ കൂട്ടായ്മയായ 'വിമന്‍ ഇന്‍ സിനിമ കലക്ടീവ്' (ഡബ്ല്യുസിസി). എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയില്‍ മലയാള ചലച്ചിത്ര വ്യവസായത്തെ പുനര്‍നിര്‍മിക്കാനുള്ള പുതിയ നിര്‍ദേശങ്ങളാണ് അവതരിപ്പിക്കാനൊരുങ്ങുന്നതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി.
പുതിയ നിര്‍ദേശങ്ങളുമായി ഇന്ന് ഒരു പുതിയ പരമ്പര ആരംഭിക്കുകയാണെന്ന് ഡബ്ല്യുസിസി അറിയിച്ചു. കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം. മേഖലയിലെ എല്ലാ അംഗങ്ങളും തൊഴില്‍ സംഘടനകളും തുറന്ന മനസോടെയും ഐക്യദാര്‍ഢ്യത്തോടെയും ഇതില്‍ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡബ്ല്യുസിസി പറഞ്ഞു.
സിനിമാ വ്യവസായത്തെ വെള്ളിത്തിരയ്ക്കുള്ളിലും പുറത്തും മികവുറ്റതാക്കാന്‍ സഹായിക്കുന്നതാവും സിനിമാ പെരുമാറ്റച്ചട്ടമെന്നും കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുക എന്നും ഡബ്ല്യുസിസി അറിയിച്ചു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്ന് കഴിഞ്ഞദിവസം ഡബ്ല്യുസിസി അറിയിച്ചിരുന്നു.
'സ്വന്തം അവസ്ഥ വ്യക്തമാക്കാന്‍ കഴിയുന്ന ഇര അന്നുമുതല്‍ ഇരയേയല്ല, അവന്‍ അല്ലെങ്കില്‍ അവള്‍ ഭീഷണിയാകുന്നു' എന്ന അമേരിക്കന്‍ എഴുത്തുകാരനും പൗരാവകാശ പ്രവര്‍ത്തകനുമായ ജയിംസ് ബാള്‍ഡ്വിന്റെ വാക്കുകള്‍ പങ്കുവച്ചായിരുന്നു കൂട്ടായ്മയുടെ പ്രതികരണം. ജോലി ചെയ്യാനുള്ള അവസരത്തിനും തൊഴിലിടത്തില്‍ സ്ത്രീയുടെ അന്തസ് സംരക്ഷിക്കാനും അവര്‍ക്കുകൂടി അനുകൂലമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനുമാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് കൂട്ടായ്മ പറഞ്ഞു.
ഒരു പിന്തുണയുമില്ലാതെ തൊഴിലിടത്തെ പ്രശ്നങ്ങള്‍ തുറന്നുപറഞ്ഞ്, പൊതുമാധ്യമത്തില്‍ ശക്തരായി നില്‍ക്കുന്ന സ്ത്രീകള്‍ക്കെല്ലാം അഭിവാദ്യങ്ങള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അനുരണനങ്ങള്‍ കേരളത്തിന് പുറത്തേക്കുമെത്തുകയാണ്. ഇനി തങ്ങള്‍ക്കെതിരായ സൈബര്‍ ആക്രമണത്തിന്റെ കാലമാണ്. അതിനെ നിയമപരമായി നേരിട്ട് മുന്നോട്ടുപോകുമെന്നും ഡബ്ല്യുസിസി കുറിച്ചു.