അമിത ഭാരം മൂലം ഡയറ്റിലേര്പ്പെടുന്ന മനുഷ്യരുണ്ട്. എന്നാല്‍ ഭാരക്കൂടുതല്‍ കാരണം ഇവിടെ പൂച്ചയ്ക്ക് ഡയറ്റ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഡോക്ടര്‍മാര്‍. റഷ്യയിലെ പേം നഗരത്തിലാണ് സംഭവം.
17 കിലോഗ്രാം ഭാരമുള്ള പൂച്ചയ്ക്കാണ് ഡോക്ടര്‍മാര്‍ ഡയറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമിത ഭാരം മൂലം നടക്കാന്‍ പോലുമാകാതെ ബുദ്ധിമുട്ടുന്ന പൂച്ചയ്ക്ക് കര്‍ശന ഡയറ്റ് ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ആശുപത്രിയുടെ ബേസ്മെന്റില്‍ നിന്ന് മൃഗസംരക്ഷകര് രക്ഷിച്ച 'ക്രോഷിക്' എന്ന പൂച്ചയാണ് ഇപ്പോള്‍ ഡയറ്റിലുള്ളത്.
അതായത്, ഏകദേശം ഒരു ചെറിയ കുട്ടിയോളം ഭാരം. ആശുപത്രിയിലെ ജീവനക്കാര്‍ ക്രോഷികിന് ആവശ്യത്തിലധികം ബിസ്ക്കറ്റും സൂപ്പും നല്‍കിയതാണ് അമിത ഭാരത്തിന് കാരണമായത്. ഓറഞ്ച് നിറത്തിലെ ക്രോഷികിനെ മുന്‍ ഉടമകള്‍ ആശുപത്രി ബേസ്മെന്റില്‍ ഉപേക്ഷിക്കുകയായിരുന്നു. ക്രോഷിക് നിലവില്‍ ഒരു വെറ്ററിനറി ക്ലിനിക്കിലാണ്. ഇവിടെ എത്തിക്കുമ്പോള്‍ അനങ്ങാന്‍ പോലും ആകാത്ത വിധം അവശനായിരുന്നു.
ഭാരം മൂലം പരിശോധനകള്‍ കൃത്യമായി നടത്താന്‍ സാധിക്കാതെ വന്നതോടെയാണ് ഡോക്ടര്‍മാര്‍ ഡയറ്റിന് തീരുമാനിച്ചത്. ക്രോഷികിനെ ട്രേഡ്മില്ലില്‍ നടത്തം അടക്കം വ്യായാമങ്ങളും പരിശീലിപ്പിക്കും. ക്രോഷികിന്റെ ഭാരം നാലില്‍ മൂന്നായി കുറയ്ക്കുകയാണ് ലക്ഷ്യം. വളര്‍ത്തുമൃഗങ്ങള്‍ക്ക് ആഹാരം അമിതമായി നല്‍കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.