ഒരു നുള്ള് വിഷം ഉള്ളില്‍ ചെന്നാല്‍ വീണു പോകുന്നത് നിരവധി പേരായിരിക്കും. അത്രയും കൊടും വിഷം പേറി നടക്കുന്ന മത്സ്യമാണ് പഫര്‍ ഫിഷ്. ലോകത്തിലെ തന്നെ ഏറ്റവും അപകടരമായ വിഷമുള്ള മത്സ്യം എന്നാണ് പഫര്‍ ഫിഷിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ പഫര്‍ ഫിഷിനെ വെച്ച് ഭക്ഷണം പാകം ചെയ്യുന്നതിന് ലൈസന്‍സ് നേടിയിരിക്കുകയാണ് പത്തുവയസ്സുകാരി.
പഫര്‍ മത്സ്യം പാചകം ചെയ്യാനുള്ള അനുമതിയാണ് ജപ്പാന്‍കാരിയായ കരിന്‍ തബിറ നേടിയത്. തബിറ വിളമ്പിയ പഫര്‍ മത്സ്യവിഭവം കഴിച്ച് തെക്കന്‍ കുമാമോട്ടോയിലെ ഗവര്‍ണര്‍ സംതൃപ്തി രേഖപ്പെടുത്തി. ഇതോടെ പഫര്‍ മത്സ്യം പാചകം ചെയ്യാനുള്ള ലൈസന്‍സ് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായി കരിന്‍ തബിറ.
അതീവ ശ്രദ്ധയോടെ മാത്രമേ പഫര്‍ മത്സ്യം കൊണ്ടുള്ള വിഭവം പാകം ചെയ്യാന്‍ സാധിക്കുകയുള്ളൂ. അത്രയും അപകടം ഇതിനുള്ളില്‍ പതിയിരിപ്പുണ്ട്. യഥാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സയനൈഡിനെക്കാള്‍ മാരകമായ വിഷമടങ്ങിയത് എന്ന് തന്നെ പറയാം. ഇത് പാകം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധവേണം. വിഷാംശമുള്ള ഭാഗങ്ങള്‍ ശരിയായി നീക്കം ചെയ്തില്ലെങ്കില്‍ കഴിക്കുന്നവര്‍ക്ക് ജീവഹാനി സംഭവിക്കാനിടയുണ്ട്.
അതിനാല്‍ പഫര്‍ മത്സ്യം പാചകം ചെയ്യാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. ലൈസന്‍സെടുക്കാനുള്ള പരീക്ഷയില്‍ ഏതുപ്രായക്കാര്‍ക്കും പങ്കെടുക്കാം. പ്രൊഫഷണല്‍ ഷെഫുകള്‍ ഉള്‍പ്പെടെ 93 പേര് ഇത്തവണ പരീക്ഷയില്‍ പങ്കെടുത്തിരുന്നു. 60 പേരാണ് ജയിച്ച് കയറിയത്.