തുടരെ തുടരെ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ തുടങ്ങി എന്നതിന്റെ സൂചന നല്‍കുകയാണ് ഇന്‍സ്റ്റഗ്രാമും. അത്തരത്തില്‍ ഉപയോക്താക്കള്‍ക്ക് പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഡയറക്ട് മെസേജിംഗ് സെക്ഷനുള്ളില്‍ ഫോട്ടോ എഡിറ്റിംഗ് അടക്കം സാധ്യമാകുന്ന പുതിയ ടൂളുകളാണ് അടുത്തതായി എത്തുന്നത്.
ഇന്‍സ്റ്റഗ്രാമിലെ മെസേജ് സെക്ഷനുള്ളില്‍ ഫോട്ടോ എഡിറ്റിംഗും സ്റ്റിക്കര്‍ ക്രിയേഷനും ആണ് അവതരിപ്പിക്കുന്നത്. മെസേജായി അയക്കും മുമ്പ് ഡയറക്ട് മെസേജിംഗ് സെക്ഷനുള്ളില്‍ ഫോട്ടോയില്‍ എഡിറ്റിംഗ് സാധ്യമാകും. നിങ്ങളുടെ ലൈബ്രറിയിലുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് സ്റ്റിക്കറുകള്‍ നിര്‍മിക്കാനും കഴിയും. നേരത്തെ, സ്റ്റോറീസ് കംബോസറില്‍ എത്തിയിട്ട് വേണമായിരുന്നു ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് സേവ് ചെയ്യാന്‍.
ഇന്‍സ്റ്റ സ്റ്റോറീസില്‍ ലഭ്യമായിട്ടുള്ള എഡിറ്റിംഗ് ടൂളിന് സമാനമായ ഫീച്ചറാണ് ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമിലെ ചാറ്റ് ബോക്സിലേക്കും വരുന്നത്. ഇമേജുകളില്‍ നിന്ന് സ്റ്റിക്കറുകള്‍ നിര്‍മിക്കാനുള്ള സംവിധാനം വാട്സ്ആപ്പില്‍ നിലവിലുള്ളതാണ്.
ഡയറക്ട് മെസേജുകളില്‍ ചാറ്റ് തീം ചേര്‍ക്കാനുള്ള സംവിധാനവും ഇന്‍സ്റ്റഗ്രാമിലേക്ക് വരുന്നു. നോട്ട്സ് സെക്ഷനില്‍ പിറന്നാള്‍ കേക്ക് ഐക്കണ്‍ ചേര്‍ക്കാനുള്ള ഫീച്ചറും പ്രത്യക്ഷപ്പെടും. കഴിഞ്ഞ മാസം ഇന്ത്യയില്‍ ക്രിയേറ്റര്‍ ലാബ് ഉദ്ഘാടനത്തിനിടെ മൂന്ന് പുതിയ ഫീച്ചറുകള്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു.