കളിച്ചും ചിരിച്ചും ഉല്ലസിച്ചും വളരേണ്ട കുട്ടികള്‍ ഒരു സ്‌ക്രീന്‍ സ്‌പേസിനുള്ളില്‍ കുടുങ്ങി പോകാതിരിക്കാന്‍ പുത്തന്‍ ആശയവുമായി ഓസ്‌ട്രേലിയ. കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് കുട്ടികള്‍ക്ക് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കാന്‍ ഒരുങ്ങുകയാണ് ഓസ്ട്രേലിയ.
പ്രായപരിധി നിയമങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ പ്രായം സ്ഥിരീകരണ ട്രയല്‍ നടത്തുമെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് പറഞ്ഞു. കുറഞ്ഞ പ്രായം എത്രയെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും അത് 14നും 16നും ഇടയിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നും കുട്ടികളെ മൈതാനങ്ങളിലും നീന്തല്‍ക്കുളങ്ങളിലും ടെന്നീസ് കോര്‍ട്ടുകളിലും കാണാന്‍ താന്‍ ആഗ്രഹിക്കുന്നതായി അല്‍ബാനീസ് പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ചുള്ള പാര്‍ലമെന്ററി അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് അല്‍ബാനീസ് പ്രായ നിയന്ത്രണ പദ്ധതി പ്രഖ്യാപിച്ചത്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രായ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളുടെ പട്ടികയില്‍ ഓസ്ട്രേലിയ എത്തും.
പ്രായ പരിധി നിശ്ചയിക്കുന്നത് ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരുടെ ഓണ്‍ലൈന്‍ അവകാശങ്ങള്‍ കുറക്കുന്നതുമായി ബന്ധപ്പെട്ട പരാതികളെ തുടര്‍ന്നുള്ള യൂറോപ്യന്‍ യൂനിയന്റെ ഉള്‍പ്പെടെയുള്ള മുന്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.