വെറുതെ ഇരിക്കുമ്പോള്‍ ഉറക്ക തൂങ്ങുക. യാത്രകളില്‍ വഴിയോര കാഴ്ചകള്‍ കാണുന്നതിന് പകരം ആദ്യം മുതല്‍ എത്തേണ്ട ഇടം വരെ ഉറങ്ങുക എന്നിങ്ങനെ ഉറക്കം പലപ്പോഴും വന്നേക്കാം. എന്നാല്‍ ഇങ്ങനെ എപ്പോഴും ഉറക്കം വരുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് പറ്റിയൊരു 'ഉറക്ക ജോലി' ഉണ്ട്.
വെറും എട്ട് മണിക്കൂര്‍ ഉറങ്ങുന്നതിലൂടെ സമ്പാദിക്കുന്നത് പത്ത് ലക്ഷം വരെയാണ്. കേള്‍ക്കുമ്പോള്‍ കളിയാണെന്ന് തോന്നുന്നെങ്കിലും ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വേക്ക്ഫിറ്റ് ആണ് ഇത്തരം ഒരു ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്. കമ്പനിയുടെ സ്ലീപ്പ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിനെ കുറിച്ച് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സംസാരം.
രണ്ട് മാസത്തേക്കാണ് ജോലി. 'പണി' എടുക്കേണ്ട സ്ഥലം 'കിടക്ക' തന്നെ. സ്റ്റൈപ്പെന്റായി 1 മുതല്‍ 10 ലക്ഷം രൂപ വരെ ലഭിക്കും. രാത്രിയില്‍ കുറഞ്ഞത് 8 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങണം. രാവിലെ ഒരു 20 മിനിറ്റ് കൂടി മയങ്ങാന്‍ സാധിച്ചാല്‍ അത്തരക്കാര്‍ക്ക് മുന്‍ഗണന ഉണ്ട്. വാരാന്ത്യങ്ങളില്‍ ഉറക്കസമയം അല്പം നീട്ടേണ്ടി വരും. പരിചയസമ്ബന്നരായ 'സ്ലീപ്പ് മെന്റര്‍മാരുടെ', വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുക്കേണ്ടി വരും.
എന്നുവെച്ച് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സമയത്തൊക്കെ ഉറങ്ങാം എന്ന് കരുതരുത് .. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ പറ്റൂ. ഉറക്കം സന്തുലിതമായി കൊണ്ടുപോകാന്‍ സാധിക്കുന്നവര്‍ക്കാണ് മുന്‍ഗണന. നല്ല അച്ചടക്കം പാലിക്കണം. അതായത് ഉറക്കത്തിന്റെ ഔദ്യോഗിക കോളുകളോ അല്ലെങ്കില്‍ മറ്റ് സോഷ്യല്‍ ആക്ടിവിറ്റികളോ ഒന്നും തന്നെ ഉണ്ടാകരുത്. മൊബൈലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമോ നിങ്ങളുടെ ഉറക്കത്തെ ബാധിക്കാന്‍ പാടില്ല.
സമ്മര്‍ദ്ദം നന്നായി കൈകാര്യം ചെയ്യാനും കഴിയണം. മാനസികവും ശാരീരികവുമായ എല്ലാ സമ്മര്‍ദ്ദങ്ങളേയും അതിജീവിച്ച് വേക്ക്ഫിറ്റിന്റെ അത്യാധുനിക മെത്തകളില്‍ ഉറങ്ങണം. അപേക്ഷകര്‍ 22 വയസിന് മുകളിലുള്ളവര്‍ ആയിരിക്കണം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ പൂര്‍ത്തിയാക്കിയിരിക്കണം.
തിരഞ്ഞെടുത്ത സ്ലീപ്പ് ഇന്റേണുകള്‍ക്ക് 1 ലക്ഷവും ഈ വര്‍ഷത്തെ സ്ലീപ്പ് ചാമ്പ്യനായി അംഗീകരിക്കപ്പെടുന്ന ഇന്റേണിന് 10 ലക്ഷവും ശമ്പളമായി ലഭിക്കും. നാലാം തവണയാണ് കമ്പനി ഇത്തരത്തില്‍ 'സ്ലീപ്പ് ഇന്റേണ്‍' ആയി ഉദ്യോഗാര്‍ത്ഥികളെ എടുക്കുന്നത്. മൂന്നാം സീസണില്‍ ബാംഗ്ലൂരില്‍ നിന്നുള്ള സായിശ്വരി പാട്ടീലായിരുന്നു സ്ലീപ്പ് ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്. 9 ലക്ഷമായിരുന്നു അവര്‍ പ്രതിഫലമായി നേടിയത്. ജോലി നിങ്ങള്‍ക്ക് യോജിച്ചതാണെന്ന് തോന്നുന്നുണ്ടെങ്കില്‍ ഇനിയൊന്നും ആലോചിക്കേണ്ട, വേക്ക്ഫിറ്റിന്റെ ഔദ്യോഗിക പേജില്‍ കയറി മറ്റ് വിവരങ്ങള്‍ കൂടി പരിശോധിച്ച് അപേക്ഷിച്ചേക്കൂ.