പലതരത്തിലുള്ള പെര്‍ഫ്യൂം ബ്രാന്‍ഡുകളെ നാം പരിചയപ്പെട്ടിട്ടുണ്ടെങ്കിലും വളരെവ്യത്യസ്തമായ പേരുള്ള ഒരു പെര്‍ഫ്യൂമിനെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. ദുബായ് രാജകുമാരിയുടെ മഹ്റ എം1 ബ്രാന്‍ഡിനെ കുറിച്ച് കേട്ടിട്ടുള്ളവര്ക്കിയിലേക്കാണ് ഇപ്പോള്‍ മറ്റൊരു പേര് കൂടി എത്തുന്നത്.
ഈ ബ്രാന്‍ഡിന് കീഴില്‍ പുതുതായി നിര്‍മിച്ച പെര്‍ഫ്യൂമിന്റെ പേര് തന്നെയാണ് അല്പം വെറൈറ്റിയായി നില്‍ക്കുന്നത്. 'ഡിവോഴ്സ്' എന്ന പേരില്‍ പുതിയ പെര്‍ഫ്യൂമുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ദുബായ് ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ 30-കാരിയായ മകള്‍ ഷെയ്ഖ മഹ്റ അല്‍ മക്തൂം. ഈ പേര് ഇത്രയംു ശ്രദ്ധിക്കപ്പെടാന്‍ കാരണം ഭര്‍ത്താവുമായുള്ള വിവാഹമോചനത്തിന് പിന്നാലെയാണ് പുതിയ പെര്‍ഫ്യൂമുകള്‍ക്ക് ഷെയ്ഖ മഹ്റ ഡിവോഴ്സ് എന്ന പേര് നല്‍കിയത് എന്നത് കൊണ്ടാണ്.
ഇതിന്റെ ടീസര്‍ വീഡിയോയും മഹ്റ ഇന്‍സ്റ്റഗ്രാം വഴി പങ്കുവച്ചു. കറുത്ത ചില്ലുകുപ്പിയില്‍ വെളുത്ത നിറത്തിലാണ് ഡിവോഴ്സ് എന്ന് എഴുതിയിരിക്കുന്നത്. പുതിയ പെര്‍ഫ്യൂമുകള്‍ വൈകാതെ വിപണിയിലിറങ്ങുമെന്നും മഹ്റ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
ഷെയ്ഖ മഹ്റ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഭര്‍ത്താവിനെ മൂന്ന് തവണ മുത്തലാഖ് ചൊല്ലി ഡിവോഴ്സ് ചെയ്തത്. 'പ്രിയ ഭര്‍ത്താവിന്, നിങ്ങള്‍ മറ്റ് പങ്കാളികളുമായി തിരക്കിലായതിനാല്‍ നമ്മുടെ വിവാഹമോചനം ഞാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപിക്കുന്നു. ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു.'- ഷെയ്ഖ മഹ്റ കുറിച്ചു. കഴിഞ്ഞ വര്‍ഷം മേയിലാണ് ഇരുവരും വിവാഹമോചിതരായത്.