'പാല് കൊടുത്ത കൈയ്ക്ക് തന്നെ കൊത്തുക' എന്ന പഴഞ്ചൊല്ല് അര്‍ത്ഥമാക്കുന്ന സംഭവം ആണ് സൗത്ത് കരോലിനയില്‍ കഴിഞ്ഞ ദിവസം നടന്നത്. അവശനിലയില്‍ യുവാവിനെ ആശുപത്രിയിലെത്തിക്കുന്നു, എന്നാല്‍ എന്ത് പറ്റിയെന്ന് പറയാന്‍ യുവാവിന് മടി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ വീട്ടില്‍ ഒരു മുറി നിറയെ പാമ്പുകളായിരുന്നു.
അവശനിലയില്‍ എത്തിയ യുവാവ് ഏറെ നേരങ്ങള്‍ക്ക് ശേഷമാണ് പാമ്പ് കടിയേറ്റതാണെന്ന് പറഞ്ഞത്. സംശയം തോന്നിയ അധികൃതര്‍ ഉടനെ യുവാവിന്റെ വീട് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഒരു മുറി നിറയെ പാമ്പുകളെ കണ്ടത്.
വെള്ളിയാഴ്ചയാണ് കാലിന് മുറിവേറ്റ് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ആശുപത്രിയിലെത്തിയ യുവാവ് എങ്ങനെയാണ് മുറിവുണ്ടായതെന്ന് ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ പറഞ്ഞില്ല, അതാണ് ആശുപത്രി അധികൃതരില്‍ സംശയമുണ്ടാക്കിയത്.
നല്ലത് പോലെ അവശനായതിന് പിന്നാലെ തന്നെ പാമ്പ് കടിച്ചതാണെന്ന് യുവാവ് തുറന്ന് പറയുകയായിരുന്നു. യുവാവിന്റെ ഈ അസാധാരണ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. പിന്നാലെ യുവാവിന്റെ വീട്ടിലെത്തിയ പൊലീസുകാരെ കാത്തിരുന്നത് ഒരു മുറി നിറയെ പാമ്ബുകള്‍ ആയിരുന്നു. അതേസമയം വീട്ടിലേക്ക് പാമ്പുകള്‍ കയറിയതാണോയെന്ന സംശയത്തില്‍ അന്വേഷണം വിശദമാക്കിയതോടെയാണ് അവ പുറത്ത് നിന്ന് കയറിയതല്ലെന്ന് വിശദമായത്. അനധികൃതമായി യുവാവ് വളര്‍ത്തിയിരുന്ന വിഷ പാമ്ബുകള്‍ തന്നെയാണ് യുവാവിനെ ആക്രമിച്ചത്.
ജനവാസമേഖലയിലെ മറ്റ് വീടുകള്‍ക്ക് അടക്കം വലിയ അപകട ഭീതിയുയര്‍ത്തിയ ഒരു ഡസനിലേറെ വിഷ പാമ്പുകളാണ് ഈ വീട്ടില്‍ നിന്ന് നീക്കം ചെയ്തത്. ഇവയെ അനിമല്‍ കണ്ട്രോളില് നിന്നുള്ള ജീവനക്കാരെത്തിയാണ് പിടികൂടിയത്. എന്നാല്‍ താന്‍ ഓമനിച്ച് വളര്‍ത്തിയ വിഷ പാമ്ബുകളുടെ കടിയേറ്റ യുവാവ് ഇനിയും ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. ഇയാള്‍ക്കെതിരെ വിഷജീവികളെ അനധികൃതമായി സൂക്ഷിച്ചതിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.