ചൈനയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു ഓപ്പറേഷനും അതേ തുടര്‍ന്ന് രോഗിക്ക് സംഭവിച്ച അപകടവുമാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ദിവസം തന്നെ 23 പല്ലുകള്‍ പറിച്ചെടുക്കുകയും 12 പുതിയ വെപ്പുപല്ലുകള്‍ വെക്കുകയും ചെയ്ത് ദന്ത ചികിത്സയ്ക്ക് വിധേയനായ വ്യക്തി 13 ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെട്ടു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
മരണപ്പെട്ട വ്യക്തിയുടെ മകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ തന്റെ പിതാവിന്റെ മരണത്തെക്കുറിച്ച് പങ്കുവെക്കുകയായിരുന്നു. ആഗസ്റ്റ് 14 -ന് യോങ്കാങ് ഡീവേ ഡെന്റല്‍ ഹോസ്പിറ്റലില്‍ വെച്ച് തന്റെ പിതാവ് ഇത്രയും വലിയൊരു ദന്ത ചികിത്സയ്ക്ക് വിധേയനായത് എന്നാണ് മകളായ ഷൂ വെളിപ്പെടുത്തുന്നു.
ഹുവാങ് ഒപ്പിട്ട സമ്മതപത്രം അനുസരിച്ച്, ഒരൊറ്റ ദിവസം തന്നെയാണ് ഇദ്ദേഹത്തിന്റെ 23 പല്ലുകള്‍ പറിക്കുകയും പുതിയതായി 12 പല്ലുകള്‍ വെച്ച് നല്‍കുകയും ചെയ്തത്. യുവാന്‍ എന്ന ശസ്ത്രക്രിയാ വിദഗ്ധന്‍ ആണ് തന്റെ പിതാവിന്റെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് എന്നാണ് ഷൂ പറയുന്നത്. ചികിത്സയ്ക്ക് ശേഷം, ഹുവാങിന് അതികഠിനമായ വേദന അനുഭവപ്പെട്ടിരുന്നു. ഒടുവില്‍ ആഗസ്റ്റ് 28 ന് ഹൃദയസ്തംഭനം ഉണ്ടായതോടെ അദ്ദേഹം മരണപ്പെടുകയായിരുന്നു.
തന്റെ പിതാവിന്റെ പെട്ടെന്നുള്ള മരണത്തിന് കാരണം ദന്ത ചികിത്സയിലെ പിഴവാണെന്നാണ് ഷൂ ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് മുന്‍സിപ്പല്‍ ഹെല്‍ത്ത് ബ്യൂറോ അന്വേഷിച്ചുവരികയാണ്. ഒരേസമയം പറിച്ചെടുക്കാന്‍ കഴിയുന്ന പല്ലുകളുടെ എണ്ണത്തിന് ഔദ്യോഗിക മാര്ഗനിര്ദേശങ്ങളൊന്നുമില്ലെന്നും എന്നാല്‍ പരമാവധി 10 ആണെന്നും വുഹാനിലെ യൂണിവേഴ്സല്‍ ലവ് ഹോസ്പിറ്റലിലെ ഡെന്റല്‍ മെഡിസിന് സെന്റര്‍ ഡയറക്ടര്‍ സിയാങ് ഗൊലിന് പറഞ്ഞു. 23 പല്ലുകള്‍ പറിച്ചെടുക്കുന്നത് അല്പം കഠിനമാണെന്നും ഇതിന് മതിയായ യോഗ്യതകളും പരിചയവുമുള്ള ഒരു ക്ലിനിക്കും ദന്തഡോക്ടറും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.