ഇംഗ്ലണ്ടിലെ കുതിരപ്പന്തയങ്ങള്‍ക്ക് പേരുകേട്ട ഷെല്ട്ടന് ഹാമിലെ മലയാളികളുടെ ആവേശവും അഭിമാനവുമായ മലയാളി അസോസിയേഷന്റെ ഓണ നിലാവ് 2024 നാളെ ശനിയാഴ്ച സെന്റ് എഡ്വേര്‍ഡ് സ്കൂളില്‍ വച്ച് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണത്തിന്റെ ഓര്‍മ്മകളുമായി ആഘോഷപൂര്‍വ്വം നടത്തപ്പെടുകയാണ്. ഓണ നിലാവ് 2024ന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രസിഡന്റ് ബെന്‍സണ്‍ തോമസും സെക്രട്ടറി ഷിമ്മി ജോര്‍ജും അറിയിച്ചു.
ഷെല്ട്ടന് ഹാമം മലയാളികള്‍ക്ക് മറക്കാനാവാത്ത ഓണത്തിന്റെ ഓര്‍മ്മകള്‍ തന്മയില് തന്നെ പകര്‍ത്തി നല്കുവാന് അസോസിയേഷന് വിപുലമായ ഓണസദ്യയും നാടന്‍പാട്ടുകളും കലാസന്ധ്യയുമായി അംഗങ്ങള്‍ക്ക് എന്നും വേറിട്ടൊരു അനുഭവമായിരിക്കും ഈ വര്‍ഷത്തെ ഓണാഘോഷം.
രാവിലെ 10:30ന് തിരിതെളിച്ച് തുടങ്ങുന്ന ഓണ നിലാവ് 2024 ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കും. വിഭവസമൃദ്ധമായ ഓണസദ്യ, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ യുകെയിലെ പ്രമുഖ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന കലാസന്ധ്യ ചെണ്ടമേളവും ശിങ്കാരിമേളവും പുലികളിയും എല്ലാം ഈ ഓണാഘോഷത്തിന് മാറ്റുകൂട്ടും. അതോടൊപ്പം 151 മലയാളി മങ്കമാരുടെ മെഗാ തിരുവാതിര ഓണ നിലാവിന്റെ മറ്റൊരു ആകര്‍ഷണം ആയിരിക്കും.
ഓണനിലാവ് 2024 ന്റെ കലാപരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ആര്‍ട്സ് കോഡിനേറ്റര്‍ സജിനി കുര്യന് ആണ്. ഈ ഓണ നിലാവ് 2024 ലേക്ക് ഷെല്ട്ടന്ഹാമിലെ എല്ലാ മലയാളികളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി അസോസിയേഷന് നേതൃത്വം അറിയിച്ചു.