ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ഫാമിലി കൗണ്‍സിലിങ് സെന്ററില്‍ യുവതി വിവാഹമോചനത്തിന് ഉന്നയിച്ചെത്തിയ കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് അധികൃതര്‍. വിവാഹം കഴിഞ്ഞ് വെറും 40 ദിവസം മാത്രമായ യുവതിയാണ് ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് എത്തിയത്.
ഭര്‍ത്താവിന് കുളിക്കാന്‍ മടിയെന്ന് പറഞ്ഞായിരുന്നു യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്. ഭര്‍ത്താവ് മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ കുളിക്കുന്നുള്ളൂവെന്നും ഇത് കാരണമുള്ള ശരീര ദുര്‍ഗന്ധം സഹിക്കാനാവില്ലെന്നും ഇത്രയും മോശം ശുചിത്വം പാലിക്കുന്ന പുരുഷനൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നുമാണ് യുവതി കാരണമായി അറിയിച്ചിരിക്കുന്നത്.
യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് രാജേഷിനെ ചോദ്യം ചെയ്തപ്പോള്‍, മാസം ഒന്നോ രണ്ടോ തവണ കുളിക്കുമെന്നും ആഴ്ചയിലൊരിക്കല്‍ ശരീരത്തില്‍ ഗംഗാജലം തളിക്കുമെന്നുമായിരുന്നു മറുപടി. എന്നാല്‍, വിവാഹ ശേഷം ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി പതിവ് തെറ്റിച്ച് 40 ദിവസത്തിനിടെ ആറുതവണ കുളിച്ചെന്നും അദ്ദേഹം പറയുന്നു. കുളിക്കാത്തതിനെ ചൊല്ലിയുള്ള വാക്കേറ്റത്തിനൊടുവില്‍ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു.
പൊലീസുമായുള്ള ചര്‍ച്ചക്കൊടുവില്‍ ഭര്‍ത്താവ് ദിവസവും കുളിക്കാമെന്ന് സമ്മതിച്ചെങ്കിലും യുവതി കൂടെ ജീവിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. പരിഹാരത്തിനായി സെപ്റ്റംബര്‍ 22ന് കൗണ്‍സിലിങ് സെന്ററില്‍ വീണ്ടുമെത്താന്‍ ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.