മോസ്കോ: റഷ്യയിലെ ജനസംഖ്യ ആശങ്കാജനകാം വിധം കുറയുന്ന സാഹചര്യം ആണ് നിലവില്‍. ഇപ്പോഴിതാ അതിനെ നേരിടാന്‍ നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്.
ജോലിക്കിടെ ഉച്ചഭക്ഷണത്തിനും ചായയ്ക്കും ഉള്‍പ്പെടെയുള്ള ഇടവേളകളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് പുടിന് നിര്‍ദേശിച്ചുവെന്ന് ഇംഗ്ലീഷ് മാധ്യമമായ മെട്രോ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ റഷ്യയില്‍ ഒരു സ്ത്രീക്ക് 1.5 കുട്ടികളാണ് ശരാശരി ഉണ്ടാകുന്നത്. ഇത് 2.1 ലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. യുക്രൈന് യുദ്ധം ആരംഭിച്ച ശേഷം രാജ്യത്ത് ജനസംഖ്യ താഴേക്ക് പോയിരുന്നു. യുവാക്കളില്‍ 10 ലക്ഷത്തോളം പേര് രാജ്യം വിട്ടത് ഇതിന് ആക്കം കൂട്ടി. ഇതോടെയാണ് റഷ്യന്‍ സര്‍ക്കാര്‍ യുവാക്കളോട് കുട്ടികളെ കുറിച്ച് ബോധവത്കരിക്കുന്നത്.
ജോലി കുട്ടികളെ ഉണ്ടാക്കുന്നതില്‍ ഒരു തടസമായി മാറരുതെന്നാണ് റഷ്യയിലെ ആരോഗ്യ മന്ത്രി ഡോ. യെവനി ഷെസ്തോപലോവ് പറഞ്ഞത്. ഉച്ചഭക്ഷണത്തിന്റെയും ചായ കുടിക്കാനും എടുക്കുന്ന ഇടവേളകളില്‍ വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് മന്ത്രി നിര്‍ദ്ദേശിക്കുന്നത്. മെട്രോ മാധ്യമത്തിന് നല്കിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'റഷ്യന്‍ ജനങ്ങളുടെ സംരക്ഷണമാണ് ദേശീയതലത്തില്‍ നമ്മുടെ ഏറ്റവും വലിയ മുന്‍ഗണന' എന്ന് പ്രസിഡന്റ് പുടിന് നേരത്തേ പറഞ്ഞിട്ടുണ്ട്. റഷ്യയുടെ വിധി, നമ്മളില്‍ എത്ര പേര് ശേഷിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നും ഇത് ദേശീയ പ്രാധാന്യമുള്ള വിഷയമാണ് എന്നും അദ്ദേഹം പറഞ്ഞു.