ചെന്നൈ: ബിഗ് ബോസ് തമിഴ് പതിപ്പിന്റെ എട്ടാം സീസണ് വലിയ ചര്‍ച്ചയാകുകയാണ്. അവതാരകനായി കമല്‍ ഹാസന് പകരം വിജയ് സേതുപതി എത്തുന്നത് തന്നെയാണ് ഈ തവണത്തെ ഏറ്റവും വലിയ പ്രത്യേകത.
എട്ടാം സീസണിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. എട്ടാം സീസണിന്റെ പ്രൊമോ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. എന്നാല്‍ എന്നാണ് പ്രീമിയറിങ് തുടങ്ങുന്നതെന്ന കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ വ്യക്തത തന്നിട്ടില്ല. ഒക്ടോബര്‍ ആദ്യവാരം വിജയ് ടിവിയിലും ഡിസ്നി + ഹോട്ട്സ്റ്റാറിലുമായി പുതിയ സീസണ് പ്രീമിയര്‍ ചെയ്യുമെന്നാണ് സൂചന.
കമല്‍ ഹാസന് പകരം അവതാരകനായി പലരുടെയും പേരുകള്‍ വന്നെങ്കിലും പ്രൊമോ ഇറങ്ങിയതോടെ മക്കള്‍ സെല്വന് വിജയ് സേതുപതിയാണ് ബിഗ് ബോസ് തമിഴില്‍ ഇത്തവണത്തെ ഹോസ്റ്റിംഗ് ചുമതലകള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് മനസ്സിലായി. ബിഗ് ബോസ് ഷോ അവതാരകനാകുവാന്‍ നാട്ടുകാരില്‍ നിന്നും അടവുകള്‍ പഠിക്കുന്ന വിജയ് സേതുപതിയാണ് പ്രമോയില്‍ ഉള്ളത്. ഷോ അവതരണത്തിനായി കാറില്‍ പോകുമ്പോള്‍ നാട്ടില്‍ ഇറങ്ങി നടന്നാല്‍ കുറേ ഉപദേശം ലഭിക്കും എന്ന് ഡ്രൈവര്‍ പറയുന്നതും. അത് അനുസരിച്ച് പച്ചക്കറി മാര്‍ക്കറ്റ്, ബസ്, സലൂണ്‍ തുടങ്ങിയ ഇടങ്ങളില്‍ എല്ലാം പോയി വിജയ് സേതുപതി ഉപദേശം സ്വീകരിക്കുന്നതാണ് പ്രമോ വീഡിയോയില്‍ ഉള്ളത്. ഈ സീസണിലെ ടാഗ് ലൈന്‍ 'ഇത്തവണ ആളും പുതിയത്, കളിയും പുതിയത്' എന്നാണ് .
അതേ സമയം വിജയ് സേതുപതിയുടെ ഷോ ഹോസ്റ്റായുള്ള പ്രതിഫലവും ചര്‍ച്ചയാകുന്നുണ്ട്. കഴിഞ്ഞ സീസണില്‍, ബിഗ് ബോസ് തമിഴ് 7 ന്റെ അവതാരകനായി കമല്‍ ഹാസന് 130 കോടി രൂപ പ്രതിഫലം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. സീസണ് 8 നായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍, ഈ സീസണിലെ വിജയ് സേതുപതിയുടെ പ്രതിഫലം 60 കോടി രൂപയാണ്. 70 ലക്ഷത്തോളം ഒരു എപ്പിസോഡിന് മലയാളം ബിഗ് ബോസ് അവതരണത്തിന് നടന് മോഹന്‍ലാല്‍ വാങ്ങിയിട്ടുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കമലിനെക്കാള്‍ പ്രതിഫലം കുറവാണെങ്കിലും, ഇത് ഇപ്പോഴും ഒരു വലിയ തുക തന്നെയാണ്. നേരത്തെ മാസ്റ്റര്‍ ഷെഫ് തമിഴിന്റെ അവതാരകനായിരുന്നു വിജയ് സേതുപതി.