ദുബായ്: ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം എയര്‍ ടാക്സി പദ്ധതിയുടെ ആദ്യ സ്റ്റേഷന് ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യ എയര്‍ ടാക്സി സ്റ്റേഷന്റെ ഔദ്യോഗിക പ്രവര്‍ത്തനം 2026 ആദ്യ പാദത്തില്‍ ആരംഭിക്കും.
ഒന്നാംഘട്ടത്തില്‍ നാല് സ്റ്റേഷനുകള്‍ ഉള്‍പ്പെടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എയര്‍ ടാക്സികള്‍ പ്രത്യേകമായി സജ്ജമാക്കിയ വെര്‍ട്ടിപോര്‍ട്ടുകളില്‍ നിന്നാണ് പറന്നുയരുക. എയര്‍ ടാക്സി ബുക്ക് ചെയ്ത യാത്രക്കാരനെ തന്റെ താമസ ഇടത്തില്‍ നിന്ന് വെര്‍ട്ടിപോര്‍ട്ടിലേക്ക് എത്തിക്കാനും എയര്‍ ടാക്സിയില്‍ നിന്നിറങ്ങി അന്തിമ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും ഊബര്‍ മാതൃകയിലുള്ള ടാക്സി സംവിധാനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തും. ഭാവിയിലെ ഏരിയല്‍ റൈഡ്-ഹെയ്ലിംഗ് സേവനങ്ങള്‍ക്കായി ജോബിയുടെ വിമാനത്തെ ഊബറിന്റെ ആപ്പുമായി സംയോജിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
സേവനത്തിന്റെ ആദ്യ ഘട്ടത്തില്‍ ദുബായ് രാജ്യാന്തര വിമാനത്താവളം, ഡൗണ്ടൗണ്, ദുബായ് മറീന, പാം ജുമൈറ എന്നീ നാല് തന്ത്രപ്രധാനമായ ലാന്‍ഡിങ് സൈറ്റുകള്‍ ഉള്‍പ്പെടുന്നു. അവ സ്കൈപോര്‍ട്ടുമായി സഹകരിച്ച് രൂപകല്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. അവയില്‍ ടേക്ക് ഓഫ്, ലാന്‍ഡിങ് ഏരിയകള്‍, ഇലക്ട്രിക് ചാര്‍ജിങ് സൗകര്യങ്ങള്‍, ഒരു പ്രത്യേക പാസഞ്ചര്‍ ഏരിയ, സുരക്ഷാ നടപടിക്രമങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
2026 ന്റെ ആദ്യ പാദത്തില്‍ എയര്‍ ടാക്സി സര്‍വീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജോബി ഏവിയേഷനിലെ മിഡില്‍ ഈസ്റ്റ് ജനറല്‍ മാനേജര്‍ ടൈലര്‍ ട്രെറോട്ടോല പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കമ്പനി, എയര്‍ ടാക്സി സേവനങ്ങള്‍ ആരംഭിക്കുന്നതിന് ദുബായ് ആര്‍ടിഎയുമായി ഒരു നിശ്ചിത കരാറില്‍ ഒപ്പുവച്ചത്.