ന്യൂഡല്‍ഹി: വമ്പന്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ് കേന്ദ്രമന്ത്രിസഭ. ചന്ദ്രയാന്‍-4 നും ശുക്രനിലേക്കുള്ള ദൗത്യത്തിനും ഗഗന്‍യാന്റെ ഭാഗമായുള്ള ഭാരതീയ അന്തരീക്ഷ നിലയത്തിനുമാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. ചന്ദ്രനില്‍ നിന്ന് കല്ലും മണ്ണും ഭൂമിയില്‍ എത്തിക്കുകയാണ് ചന്ദ്രയാന്‍ നാലിന്റെ ലക്ഷ്യം. ഇത് കൂടാതെ ഗഗന്യാന് പദ്ധതിയുടെ വ്യാപനം, ഇന്ത്യന്‍ ബഹിരാകാശ നിലയത്തിന്റെ വികസനം, വിക്ഷേപണ വാഹന വികസനം തുടങ്ങിയവയ്ക്കും കേന്ദ്രം അനുമതി നല്കി.
'ചന്ദ്രയാന്‍ 4' ദൗത്യത്തിന്റെ വിക്ഷേപണം രണ്ടുഘട്ടങ്ങളായിട്ടായിരിക്കും നടത്തുകയെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് ആര് സോമനാഥ് നേരത്തേ വ്യക്തമാക്കിയിരുന്നു. 'ചന്ദ്രയാന്‍ 4ന്റെ' ഭാഗങ്ങള്‍ രണ്ട് ഘട്ടങ്ങളിലായി ബഹിരാകാശത്ത് എത്തിച്ചശേഷം അവിടെവച്ച് സംയോജിപ്പിക്കുകയും ചന്ദ്രനിലേക്കുള്ള യാത്ര തുടരുകയും ചെയ്യും.
ഐഎസ്ആര്‍ഒയുടെ പക്കലുള്ള ഏറ്റവും ശക്തിയേറിയ റോക്കറ്റിന് വഹിക്കാനാവുന്നതിനേക്കാള്‍ കൂടുതലാണ് 'ചന്ദ്രയാന്‍ 4ന്റെ' ഭാരം എന്നതിനാലാണ് ഇത്തരത്തില്‍ രണ്ടുഘട്ടങ്ങളിലായി വിക്ഷേപണം നടത്തുന്നത്. വിവിധ ബഹിരാകാശ പേടകങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ദൗത്യം നേരത്തേയും നടന്നിട്ടുണ്ടെങ്കിലും ഒരു ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങള്‍ ബഹിരാകാശത്തുവച്ച് സംയോജിപ്പിക്കുന്നത് ആദ്യമായാണ്.
'ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങള്‍ ബഹിരാകാശത്തുവച്ച് സംയോജിപ്പിക്കുന്നതിനുള്ള ഡോക്കിംഗ് സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്പെയ്ഡെക്സ് എന്ന് പേരിട്ടിട്ടുള്ള ദൗത്യം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും.