മലപ്പുറം: ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു. എടവണ്ണ ചാത്തല്ലൂര്‍ സ്വദേശിയായ 38കാരനാണ് എംപോക്സ് (മങ്കി പോക്സ്) സ്ഥിരീകരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഐസലോഷന് വാര്‍ഡില്‍ ചികിത്സയിലാണ് യുവാവ്. നിലവില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ല.
ആഫ്രിക്കയിലടക്കം ഈ സീസണില്‍ എംപോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ കേരളത്തില്‍ സ്ഥിരീകരിക്കുന്ന ആദ്യ കേസാണിത്. 2022ലും കേരളത്തില്‍ എംപോക്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദുബായില്‍ കാര്‍പെന്ററായി ജോലി ചെയ്യുന്ന യുവാവ് നാട്ടിലേക്ക് തിരിക്കും മുമ്പ് പനിക്ക് ചികിത്സ തേടിയിരുന്നു. കഴിഞ്ഞ 13ന് വീട്ടിലെത്തിയതോടെ സമ്പര്‍ക്കം ഒഴിവാക്കാനായി പ്രത്യേക മുറിയില്‍ കഴിഞ്ഞു.
പനിയും തലവേദനയും ശരീരവേദനയും കൂടിയതോടെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ചിക്കന്‍പോക്സിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് തിങ്കളാഴ്ച മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിയത്.
രാജ്യത്ത് ഈ സീസണിലെ രണ്ടാമത്തെ എംപോക്സ് കേസാണിത്. സെപ്തംബര്‍ 9ന് ആഫ്രിക്കയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ യുവാവിന് രോഗം സ്ഥിരീകരിച്ചിരുന്നു.