'അജയന്റെ രണ്ടാം മോഷണം' തീയറ്ററില്‍ ഏറെ പ്രശംസ ഏറ്റുവാങ്ങി പ്രദര്‍ശനം തുടരുന്ന ചിത്രമാണ്. നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ സിനിമ ഇറങ്ങിയശേഷം മമിത ബൈജുവിനോട് നന്ദി പറഞ്ഞ് സന്ദേശമയച്ചെന്ന് പറയുകയാണ് ടൊവിനോ തോമസ്.
മമിത ഈ ചിത്രത്തില്‍ ഇല്ലെങ്കിലും ഈ ചിത്രത്തില്‍ മികച്ച ഒരു പങ്ക് മമിത വഹിച്ചെന്നും ടൊവിനോ പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് ടൊവിനോ ഈ കാര്യം അറിയിച്ചത്.
ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തിയ കൃതി ഷെട്ടിക്കുവേണ്ടി ശബ്ദം നല്‍കിയത് മമിത ബൈജുവാണെന്നു താന്‍ അറിഞ്ഞത് വളരെ വൈകി ആണെന്നും അറിഞ്ഞപാടെ നന്ദി പറഞ്ഞ് മമിതയ്ക്കു സന്ദേശമയച്ചെന്നും ടൊവിനോ പറയുന്നു. കൃതിയുടെ കഥാപാത്രത്തെ മികച്ചതാക്കിയതില്‍ മമിതയുടെ ശബ്ദത്തിന് വലിയ പങ്കുണ്ടെന്നും ടൊവിനോ പറയുന്നു.
ടൊവിനോ തോമസിന്റെ വാക്കുകള്‍
''കൃതിയുടെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തതത് മമിതയാണെന്ന് ഞാന്‍ അറിയുന്നത് ഈ അടുത്താണ്. അപ്പോള്‍ തന്നെ മമിതക്ക് മെസ്സേജ് അയച്ചു, കലക്കിയെന്നു പറഞ്ഞു. കൃതിയുടെ കഥാപാത്രത്തെ കൂടുതല്‍ മികച്ചതാക്കാന്‍ മമിതയുടെ ശബ്ദം സഹായിച്ചിട്ടുണ്ട്. അടിപൊളിയായി, നിങ്ങളും ഈ സിനിമയുടെ ഭാഗമാണെന്ന് പറഞ്ഞാണ് ഞാന്‍ മെസ്സേജ് ചെയ്തത്. മമിതയോട് നന്ദിയും പറഞ്ഞു.''
ടോവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ഫാന്റസി ചിത്രം 'അജയന്റെ രണ്ടാം മോഷണം' (എ ആര് എം) ഓണം റിലീസായാണ് എത്തിയത്. ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിതിന് ലാലാണ്. സുജിത് നമ്ബ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഏറെ കാലത്തിനുശേഷം മലയാളത്തില്‍ റിലീസാവുന്ന ത്രീ ഡി സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആക്ഷനു പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് തലമുറകളുടെ കഥയാണ് പറയുന്നത്.