തായ്ലന്ഡിലെ ഖാവോ ഖിയോ ഓപ്പണ്‍ മൃഗശാലയില്‍ ഇപ്പോള്‍ എല്ലാവരും എത്തുന്നത് 'മൂ ഡെങ്' നെ കാണാന്‍ വേണ്ടിയാണ്. ഈ കുഞ്ഞന്‍ ഹിപ്പോപ്പൊട്ടാമസ് ആണ് ഇപ്പോള്‍ മൃഗശാലയിലെ താരം.
മൃഗശാലയിലെ ഈ കുഞ്ഞന്‍ സോഷ്യല്‍ മീഡിയയിലെ താരം കൂടിയാണ്. നിരവധി വീഡിയോകളാണ് 'മൂ ഡെങ്'നെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കണ്ട് ഇഷ്ടപ്പെട്ടവരെല്ലാം മൃഗശാലയില്‍ എത്തുന്നത് പതിവ് കാഴ്ചയാണ്.
ജൂലൈയില്‍ ജനിച്ച ഒരു കുട്ടി പിഗ്മി ഹിപ്പോയാണ് മൂ ഡെങ്. ഒരുമാസം പ്രായമുള്ള മൂ ഡെങ്ങിന്റെ കുറുമ്പും ഓമനത്തവും നിറഞ്ഞ ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
സാധാരണ ഹിപ്പൊപ്പൊട്ടാമസിനേക്കാള് ചെറുതും ആളുകളുമായി അധികം ഇടപഴകാന്‍ മടിക്കുന്നവരുമാണ് പിഗ്മി ഹിപ്പൊപ്പൊട്ടാമസുകള്‍. എന്നാല്‍ മൂ ഡെങ് ജനിച്ചപ്പോള്‍ തന്നെ എല്ലാവരുടെയും പ്രിയങ്കരനായിരുന്നു. ഇത് തന്നെയാണ് എല്ലാവരെയും ഇവനിലേക്ക് ആകര്‍ഷിച്ചത്.
മൂ ഡെങ്ങിനെ പ്രശസ്തനാക്കണമെന്ന മൃഗശാല അധികൃതരുടെ ആഗ്രഹം സഫലമാകാന്‍ അധിക നാളുകള്‍ വേണ്ടിവന്നില്ലെന് അവര്‍ തന്നെ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ ദിവസങ്ങള്‍ കൊണ്ടുതന്നെ തായ്ലന്‍ഡിലെയും ലോകമെമ്പാടുമുള്ള ആളുകളുടെയും ശ്രദ്ധയാകര്‍ഷിച്ചു. പിഗ്മി ഹിപ്പോ കുഞ്ഞിന്റെ ജനനത്തിനുശേഷം മൃഗശാല സന്ദര്‍ശിക്കുന്നവരുടെ എണ്ണം ഇരട്ടിയായതായി അധികൃതര്‍ പറയുന്നു.