ജോലിക്ക് പോകുമ്പോഴോ അല്ലെങ്കില്‍ ഭാര്യയുടെ അടുത്ത് നിന്നും മാറി നില്‍ക്കുമ്പോഴോ സ്വാഭാവികമായും പരസ്പരം വിളിക്കുന്നത് സ്വാഭാവികമാണ്. പരസ്പരം ഉള്ള സ്നേഹത്തിന്റെയും പരിഗണനയുടെയും തെളിവാണ് ഈ ഫോണ്‍വിളി. എന്നാല്‍ അല്പം കൂടി പോയ സംഭവം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ജപ്പാനില്‍ ഭാര്യയെ 100 തവണ വിളിച്ച് ശല്ല്യപ്പെടുത്തിയ ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ആണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുന്നത്. ജപ്പാനിലെ അമാഗസാക്കിയിലാണ് സംഭവം. 38 -കാരനായ യുവാവ് നിരന്തരം തന്റെ ഭാര്യയെ വിളിക്കുമത്രെ. അത് മാത്രമല്ല. സ്വന്തം നമ്പറില്‍ നിന്നും മാത്രമല്ല, അപരിചിതമായ നമ്പറുകളില്‍ നിന്നും ഇയാള്‍ ഭാര്യയെ വിളിക്കും. ഭാര്യ ഫോണ്‍ എടുത്തു കഴിഞ്ഞാല്‍ ഒന്നും മിണ്ടാതെ കട്ടാക്കുകയാണ് പതിവ്. എന്നാല്‍, ഇങ്ങനെ മറ്റ് നമ്പറുകളില്‍ നിന്നും വിളിക്കുന്നത് തന്റെ ഭര്‍ത്താവാണ് എന്ന് യുവതിക്ക് അറിയുമായിരുന്നില്ല. കുറേ ദിവസങ്ങളായി ഇങ്ങനെ തുടരെ തുടരെ കോളുകള്‍ വന്നു തുടങ്ങിയതോടെ യുവതി ആകെ പരിഭ്രമിക്കുകയും ചെയ്തു.
എന്നാല്‍, താന്‍ വീട്ടില്‍ ഉള്ളപ്പോഴോ ഭര്‍ത്താവിന്റെ ഫോണില്‍ താന്‍ വീഡിയോ ഗെയിം കളിക്കുമ്പോഴോ കോളുകള്‍ വരുന്നില്ല എന്നതും യുവതി ശ്രദ്ധിച്ചു. പിന്നാലെ, 31 -കാരിയായ യുവതി പോലീസില്‍ പരാതി നല്കാന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ അവള് പോലീസില്‍ വിവരം അറിയിച്ചു. ഭര്‍ത്താവിനെ സംശയമുണ്ട് എന്ന കാര്യവും അവള് മറച്ചുവച്ചിരുന്നില്ല. തുടര്‍ന്ന് പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം തന്നെ നടത്തി. അന്വേഷണത്തിനൊടുവില്‍ യുവതിയുടെ ഭര്‍ത്താവ് തന്നെയാണ് ഈ കോളുകള്‍ക്കെല്ലാം പിന്നില്‍ എന്നും പോലീസ് കണ്ടെത്തിയത്.
എന്തിനാണ് ഇങ്ങനെ നിരന്തരം ഭാര്യയെ പല നമ്പറുകളില്‍ നിന്നായി വിളിച്ചു കൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തിന് യുവാവ് നല്കിയ ഉത്തരമാണ് എല്ലാവരേയും ഞെട്ടിച്ചത്. ഭാര്യയെ തനിക്ക് ഒരുപാട് ഇഷ്ടമാണ് എന്നും അതിനാലാണ് ഒരുപാട് നമ്പറുകളില്‍ നിന്നായി വിളിക്കുന്നത് എന്നുമായിരുന്നു മറുപടി.