കൊച്ചി: ഏഴര വര്‍ഷത്തിന് ശേഷമാണ് സുപ്രീം കോടതിയില്‍ വിധിയിലൂടെ നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചത്. എന്നാല്‍ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും പള്‍സര്‍ സുനി ജയിലില്‍ നിന്നും പുറത്ത് കടക്കാന്‍ ഇനിയും സമയമെടുക്കും.
പള്‍സര്‍ സുനിയുടെ ജയില്‍ മോചനം ഇനിയും നീളും എന്നാണ് പുറത്ത് വരുന്ന വിവരം. നടിയെ ആക്രമിച്ച കേസില്‍ അല്ലാതെ മറ്റ് രണ്ട് കേസുകളില്‍ക്കൂടി ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലാണ് ജയില്‍മോചനം നീളുന്നതെന്നാണ് അറിയിപ്പില്‍ പറയുന്നത്.
കോട്ടയത്ത് കവര്‍ച്ച നടത്തിയ കേസിലും നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരിക്കെ കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് ഫോണ്‍വിളിച്ച കേസിലുമാണ് ഇനി ജാമ്യ നടപടികള്‍ നേരിടാനുള്ളത്. പള്‍സര്‍ സുനിയെ ഒരാഴ്ചയ്ക്കകം വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ജാമ്യ വ്യവസ്ഥ എന്താണ് എന്നത് വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് വിവരം. സുനിയെ കോടതിയില്‍ ഹാജരാക്കി ജാമ്യവ്യവസ്ഥകള്‍ നല്കി ജാമ്യം അനുവദിക്കണമെന്നാണ് അഭിഭാഷകന് കോടതിയോട് ആവശ്യപ്പെടുക.