ലൈംഗികാതിക്രമക്കേസില്‍ സംവിധായകന് വി.കെ പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. യുവ കഥാകൃത്തിന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് പൊലീസിന്റെ നടപടി. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു.
2022ല്‍ കൊല്ലത്തെ സ്വകാര്യ ഹോട്ടലില്‍വച്ച് ഒരു സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ടെത്തിയ യുവതിയോട് വി.കെ പ്രകാശ് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇതില്‍ വി.കെ പ്രകാശിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
'അഭിനയത്തില്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു സീന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. പിന്നാലെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. പിറ്റേദിവസം ഫോണില്‍ വിളിച്ച് സംഭവിച്ച കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടു. കാര്‍ വാടകയ്ക്ക് എന്ന പേരില്‍ ഡ്രൈവറുടെ അക്കൗണ്ടില്‍ നിന്ന് തനിക്ക് 10,000 രൂപ അയച്ചെന്നും യുവതി പറയുന്നു. ഈ വിവരങ്ങളടക്കം കാണിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു'.
തുടര്‍ന്ന് പ്രകാശ് ഹൈക്കോടതിയെ സമീപിക്കുകയും ജാമ്യം നേടുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുന്ന സമയത്ത് ഹാജരാവണമെന്നും മൊഴി നല്‍കണമെന്നും ജാമ്യവ്യവസ്ഥയായി കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതുപ്രകാരം കഴിഞ്ഞ മൂന്നു ദിവസമായി കൊല്ലം പള്ളിത്തോട്ടം പൊലീസില്‍ വി.കെ പ്രകാശ് ഹാജരാകുന്നുണ്ടായിരുന്നു. ചോദ്യം ചെയ്യലിന്റെ അവസാന ദിവസമായ ഇന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും കോടതി നിര്‍ദേശപ്രകാരം ജാമ്യത്തില്‍ വിടുകയുമായിരുന്നു.
കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് ഈ മൊഴിപ്പകര്‍പ്പ് ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ പള്ളിത്തോട്ടം പൊലീസ് കൈമാറും. എസ്ഐടി ആയിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.