ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്നായിരുന്നു ജയസൂര്യയ്ക്ക് എതിരെയുള്ള പീഡന പരാതി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം കേട്ട ഞെട്ടലില്‍ ആണ് ആരാധകര്‍.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം നടക്കുമ്പോള്‍ ജയസൂര്യ അമേരിക്കയിലാണ്. സിനിമയുടെ ഷൂട്ടിങ്ങിനായുള്ള തിരക്കിലാണ് താരം. ഇന്നലെയാണ് താരം കേരളത്തിലേക്ക് എത്തിയത്. എയര്‍പോര്‍ട്ടില്‍ വെച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് താരം.
ലൈംഗിക പീഡന ആരോപണത്തില്‍ എല്ലാം വഴിയെ മനസിലാകുമെന്നും കേസ് കോടതിയുടെ പരിഗണനയിലുള്ളതായതുകൊണ്ട് കൂടുതല്‍ പറയാനില്ലെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്ന് കുടുംബത്തിനൊപ്പമാണ് താരം കൊച്ചി വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്.
മുന്‍കൂര്‍ ജാമ്യം തേടി താരം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2013ല്‍ തൊടുപുഴയിലെ ഷൂട്ടിങ് സൈറ്റില്‍ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. നടിയുടെ പ്രാഥമിക മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഷൂട്ടിങ് സൈറ്റില്‍ വെച്ച് തന്നെ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് നടി മൊഴി നല്‍കിയത്.
തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നടന് ജയസൂര്യ നേരത്തെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വ്യാജ ആരോപണങ്ങള്‍ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും നടന് നേരത്തെ പ്രതികരിച്ചിരുന്നു.