ദുബൈ നഗരത്തിലെ ഏറ്റവും വലിയ ആഘോഷരാവായ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ 2024 സീസണ് പ്രഖ്യാപിച്ചു. 38 ദിവസം നീളുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണ് ആണ് പ്രഖ്യാപിച്ചത്.
ഡിസംബര്‍ ആറു മുതല്‍ 2025 ജനുവരി 12 വരെയാണ് ഫെസ്റ്റിവല്‍. ആഘോഷവും ആരവവും ഒത്തുചേരുന്ന ലോകോത്തര ഷോപ്പിങ് അനുഭവത്തിലേക്കാണ് ദുബൈ നഗരം കണ്‍തുറക്കുന്നത്. ആയിരത്തിലധികം അന്താരാഷ്ട്ര, പ്രാദേശിക ബ്രാന്‍ഡുകള്‍ അണി നിരക്കുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റീട്ടെയില്‍ മേളയാണിത്. തത്സമയ ഗാനമേളകള്‍, പുതുവത്സരാഘോഷങ്ങള്‍, തീം പാര്‍ക്ക് യാത്രകള്‍, ഔട്ട്ഡൗര്‍ സാഹസിക യാത്രകള്‍, ബീച്ച് ആഘോഷങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങി ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിനെ സവിശേഷമാക്കുന്ന പരിപാടികള്‍ നിരവധിയാണ്.
ഫെസ്റ്റിവല്‍ ദിവസങ്ങളില്‍ ദുബൈ ലൈറ്റ്സ്, കരിമരുന്ന് പ്രയോഗങ്ങള്‍, ലോകോത്തര നിലവാരമുള്ള ഡ്രോണ്‍ ഷോകള്‍ എന്നിവ സൗജന്യമായി കാണാനാകും. ഔട്ട്ഡോര്‍ കമ്യൂണിറ്റി അനുഭവങ്ങള്‍, മാര്‍ക്കറ്റ് ഔട്ട്സൈഡ് ദ ബോക്സ്, കാന്റീന് എക്സ് തുടങ്ങിയ പരിപാടികളും ഫെസ്റ്റിവലിന്റെ മിഴിവു കൂട്ടും. എക്കാലത്തെയും അസാധാരണമായ സീസണ് എന്ന വിശേഷണത്തോടെയാണ് ഫെസ്റ്റിവല്‍ തിയ്യതി പ്രഖ്യാപിച്ചത്. ഫെസ്റ്റിവലിന്റെ സമ്പൂര്‍ണ കലണ്ടര്‍ അധികൃതകര്‍ വൈകാതെ പുറത്തിറക്കും. 1996ല്‍ ആരംഭിച്ച ഫെസ്റ്റിവലിന്റെ മുപ്പതാം എഡിഷനാണ് ഇത്തവണത്തേത്.