കണ്ണൂര്‍: കണ്ണൂരില്‍ എംപോക്‌സ് രോഗ ലക്ഷങ്ങളുമായി യുവതി ആശുപത്രിയില്‍ ചികിത്സയില്‍. അബുദാബിയില്‍ നിന്നെത്തിയ 32 കാരിക്കാണ് എം പോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്.
യുവതി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സാമ്പിള്‍ പരിശോധക്ക് അയച്ചു. ദുബൈയില്‍ നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
രാജ്യത്തെ രണ്ടാമത്തെ എംപോക്സ് കേസാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. യുവാവിന് പനിയും, ശരീരത്തില്‍ ചിക്കന്‍പോക്‌സിന് സമാനമായ രീതിയില്‍ തടിപ്പുമുണ്ടായിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
വ്യാപനശേഷികുറഞ്ഞ എം പോക്‌സ് വകഭേദം 2 ബിയാണ് ഇയാളെ ബാധിച്ചിരിക്കുന്നതെന്ന് പരിശോധനാഫലത്തില്‍ നിന്ന് വ്യക്തമായി. നിലവില്‍ ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. തിരുവനന്തപുരത്തെ ലാബില്‍ ആണ് പരിശോധന നടത്തിയത്. ടു ബി വകഭേദം ആയതിനാല്‍ വായുവിലൂടെ വൈറസ് വ്യാപിക്കില്ല. രോഗിയുമായി അടുത്ത സമ്പര്‍ക്കം ഉള്ളവര്‍ക്കെ രോഗം പകരാനിടയുള്ളൂ.
അതേസമയം, സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സംഘം വീണ്ടും എത്തും. രോഗവാഹകര്‍ എന്ന് കരുതുന്ന പഴം തീനി വവ്വാലുകളെ സംഘം നിരീക്ഷിക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പൂനൈ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും പഠനം നടത്തുക.