ആലപ്പുഴ: ആലപ്പുഴയില്‍ എം പോക്സ് രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍. ബഹ്റൈനില്‍ നിന്ന് കഴിഞ്ഞ ദിവസം എത്തിയ പല്ലന സ്വദേശിക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കുടുംബവും നിരീക്ഷണത്തിലാണ്.
രക്തസാമ്പിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാതെ എംപോക്സ് സ്ഥിരീകരിക്കൂ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു ദിവസം മുന്‍പാണ് എം പോക്സിനായി പ്രത്യേകം വാര്‍ഡ്? തുറന്നത്. വാര്‍ഡില്‍ ആദ്യമായാണ് എം പോക്സ് ലക്ഷണങ്ങളോടെ ഒരാളെ പ്രവേശിപ്പിക്കുന്നത്.
അതിനിടെ, കണ്ണൂരില്‍ എംപോക്സ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവായി. യുവതിക്ക് ചിക്കന്‍പോക്സ് സ്ഥിരീകരിച്ചു. സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നും വന്ന യുവതിക്കാണ് എംപോക്സ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാക്കിയിരുന്നു.
യുഎഇയില്‍ നിന്നെത്തിയ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം എം പോക്സ് സ്ഥിരീകരിച്ചിരുന്നു. 38-കാരനായ യുവാവ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ദുബായില്‍ നിന്ന് എത്തിയപ്പോള്‍ തന്നെ പനിയെ തുടര്‍ന്ന് ഇയാള്‍ ചികിത്സ തേടുകയായിരുന്നു. എം പോക്സ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.