ആരാധകരെ ഏറെ ഞെട്ടിച്ചുകൊണ്ടായിരുന്നു ദക്ഷിണേന്ത്യയിലെ പ്രിയപ്പെട്ട താരങ്ങളായ അദിതിറാവു ഹൈദരിയും സിദ്ധാര്‍ത്ഥും വിവാഹിതരായത്. ഒരു മുന്നറിയിപ്പും കൂടാതെ സോഷ്യല്‍ മീഡിയ വഴിയാണ് താരങ്ങള്‍ തങ്ങള്‍ വിവാഹിതരായ കാര്യം അറിയിച്ച് എത്തിയത്.
ദീര്‍ഘനാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇവരുടെ വിവാഹം. ഇപ്പോഴിതാ വിവാഹനിശ്ചയത്തിനും മോതിരംമാറലിനുമൊക്കെ ശേഷം അദിതി വിരലിലിട്ട 'ഇരട്ട ഡയമണ്ട് ഡിസൈന്‍' മോതിരം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ഹിറ്റായി മാറിയിരുന്നു. ഈ മോതിരത്തെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
വര്‍ഷങ്ങളായി ആഗോള സെലിബ്രിട്ടികള്‍ ശ്രദ്ധേയമാക്കിയ മോതിരമാണിത്. അരിയാന ഗ്രാന്റേ, മേഗന് ഫോക്സ്, കൈല്‍ ജന്നര്‍ തുടങ്ങി വന്‍കിട താരങ്ങള്‍ തങ്ങളുടെ ഇഷ്ടവും പ്രണയവുമെല്ലാം പ്രദര്‍ശിപ്പിക്കാനും പങ്കുവെയ്ക്കാനും വേണ്ടി ഉപയോഗിക്കുന്ന 'ഇരട്ടക്കല്ല്' മോതിരത്തെ 'ടോയി എറ്റ് മോയി' എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ അറിയപ്പെടുന്നത്.
ടോയി എറ്റ് മോയി എന്നത് ഫ്രഞ്ച് പദമാണ്. അതിന്റെ അര്‍ത്ഥം 'നീയും ഞാനും' എന്നാണ്. മോതിര ഡിസൈനിംഗിലെ ഏറ്റവും ചാരുതയാര്‍ന്നതും പ്രണയാര്ദ്രമായതുമായ മോതിരമാണ് ടോയി എറ്റ് മോയി. ഇത് രണ്ടു ഹൃദയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നു.
ഫീവര്‍ എഫ്എമ്മിന് നല്കിയ അഭിമുഖത്തില്‍ നടി തന്റെ വിവാഹനിശ്ചയ മോതിരത്തെക്കുറിച്ച് നേരത്തേ പറഞ്ഞത് ഇങ്ങിനെയായിരുന്നു 'ആ മോതിരത്തിന് പിന്നില്‍ ഒരു കഥയുണ്ട്. ഇതിനെ 'ടോയ് എറ്റ് മോയ്' മോതിരം എന്ന് വിളിക്കുന്നു, അതിന്റെ അര്‍ത്ഥം 'നീയും ഞാനും' മോതിരം എന്നാണ്. അതുകൊണ്ടാണ് അത് ഈ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. അത് അങ്ങനെയാക്കാന്‍ ഞാനും ആഗ്രഹിച്ചു.'
ടോയ് എറ്റ് മോയ് ഡയമണ്ട് റിംഗ് വില ലക്ഷങ്ങള്‍ വരാറുണ്ട്. രണ്ട് ചെറിയ വജ്രങ്ങളുള്ള (0.51 കാരറ്റ് വീതം) ഒരു അടിസ്ഥാന മോതിരത്തിന് 1.5 മുതല്‍ 5 ലക്ഷം രൂപ വരെയാണ് വില. എന്നിരുന്നാലും, പ്രത്യേകിച്ച് ഇഷ്ടാനുസൃത ഡിസൈനുകള്‍ വരുന്നതോ വലിയതോ ഉയര്‍ന്ന നിലവാരമുള്ളതോ ആഡംബര ബ്രാന്‍ഡുകളോ ആയ വജ്രങ്ങളുള്ള മോതിരങ്ങള്‍ക്ക് 10-20 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരെ പോകാം.