ചില വീഡിയോകള്‍ നമ്മെ ഏറെ സന്തോഷിപ്പിക്കും, ചിലത് നമ്മെ ഏറെ കരയിപ്പിക്കും. എന്നാല്‍ സന്തോഷവും കരച്ചിലും ഒരുപോലെ തരുന്ന ചുരുക്കം ചില വീഡിയോകള്‍ മാത്രമേ ഉള്ളൂ. അത്തരത്തില്‍ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്.
നമ്മള് ഒറ്റയ്ക്കാകുന്ന നിമിഷം നമ്മുടെ കൈപിടിച്ച് നമ്മെ സന്തോഷിപ്പിക്കാന്‍ ആരെങ്കിലും വരും എന്ന പ്രതീക്ഷ നല്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയെ ഒരുപോലെ കരയിപ്പിക്കുയും ചിരിപ്പിക്കുകയും ചെയ്യുന്നത്.
വീഡിയോയില്‍ വിദേശ രാജ്യത്തെത്തിയ ഒരു ചെറുപ്പക്കാരന് സുഹൃത്തുക്കളോ വേണ്ടപ്പെട്ടവരെ ഇല്ലാതെ ഒരു റസ്റ്റോറന്റില്‍ ഒറ്റയ്ക്ക് സ്വന്തം പിറന്നാള്‍ കേക്ക് മുറിക്കുന്നതും തുടര്‍ന്ന് നടന്ന ഹൃദയസ്പര്‍ശിയായ രംഗങ്ങളുമാണ് വീഡിയോയില്‍ ഉള്ളത്. പുതിയൊരു നഗരത്തില്‍ തനിച്ചാകുന്നതും തങ്ങളുടെ സന്തോഷങ്ങള്‍ പങ്കുവയ്ക്കാന്‍ ആരുമില്ലാതെ വിഷമിക്കുന്നതും ഒക്കെ ചിലരുടെയെങ്കിലും ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടാകാം. അത്തരത്തില്‍ ഒരു കാഴ്ചയാണ് ഈ വീഡിയോയിലും ഉള്ളത്. സമൂഹ മാധ്യമ പോസ്റ്റ് പ്രകാരം ആന്ഡ്രൂവേവ് എന്ന യുവാവ് ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനായി എത്തുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. റസ്റ്റോറന്റില്‍ എത്തിയ അദ്ദേഹം ഒരു ചോക്ലേറ്റ് പേസ്ട്രി ഓര്‍ഡര്‍ ചെയ്യുകയും തനിക്ക് വേണ്ടപ്പെട്ട ഏതാനും ആളുകളെ വീഡിയോ കോള്‍ ചെയ്യുകയും ചെയ്യുന്നു.
തുടര്‍ന്ന് ആ യുവാവ് ചെറിയൊരു മെഴുകുതിരി പേസ്ട്രിയുടെ മുകളില്‍ കത്തിച്ചുവെച്ച് അതു മുറിച്ച് തന്റെ ജന്മദിനം ആഘോഷിക്കുന്നു. തുടര്‍ന്ന് വീഡിയോ കോള്‍ അവസാനിക്കുന്നതോടെ അദ്ദേഹത്തിന് മുഖം ദുഃഖപൂരിതമാകുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഈ രംഗങ്ങള്‍ എല്ലാം റസ്റ്റോറന്റിലെ 3 ജീവനക്കാര്‍ കാണുന്നുണ്ടായിരുന്നു.
തുടര്‍ന്ന് അവര്‍ ഒരു വലിയ ബര്‍ത്ത് ഡേ കേക്ക് യുവാവിന് സമ്മാനിച്ച് കൊണ്ട് ജന്മദിനാശംസകള് നേരുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. അമ്ബരന്ന് പോയ ആ യുവാവ് സന്തോഷത്തോടെ അവരെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. 'നിങ്ങളുടെ കുടുംബം അടുത്തില്ലെങ്കിലും, നിങ്ങളെ പിന്തുണയ്ക്കുന്ന ചിലരെങ്കിലും എപ്പോഴും ഉണ്ടായിരിക്കും' എന്ന കുറിപ്പോടെ പങ്കുവെച്ച് ഈ വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ കയ്യടിയാണ് ലഭിക്കുന്നത്.