സ്മാര്‍ട്ട്ഫോണുകളിലെ ചിപ്പുകള്‍ നിര്‍മിച്ചുനല്‍കുന്ന ക്വാല്‍കോം കമ്പനിയില്‍ നിന്നും കൂട്ടപ്പിരിച്ചുവിടല്‍. 216 തൊഴിലാളികളെയാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ടെക്ക് ഭീമന് നിലവില്‍ പിരിച്ചുവിടാന്‍ പോകുന്നത്.
എന്നാല്‍ ഇതൊരു ചെറിയ സംഖ്യ അല്ലേ എന്ന് ചിന്തിക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന മറ്റൊരു വിവരവും പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കമ്പനി 1250 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. നവംബര്‍ 12 വരെ മാത്രമാണ് പിരിച്ചുവിടപ്പെട്ട തൊഴിലാളികള്‍ക്ക് ക്വാല്‍കോമില്‍ തുടരാനാവുക.
മികച്ച പ്രകടനം ഉറപ്പുവരുത്താനും നിലവിലെ നിക്ഷേപ സാഹചര്യങ്ങളെ മികച്ച രീതിയില്‍ വിനിയോഗിക്കാനുമാണ് ഈ നടപടിയെന്നാണ് ക്വല്‍കോം പ്രതിനിധിയുടെ വാദം. 2023ലെ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി മികച്ച ലാഭം നേടിയപ്പോഴാണ് ഈ പിരിച്ചുവിടല്‍ എന്നതും ശ്രദ്ധേയമാണ്. ടെക്ക് ലോകത്ത് കടുത്ത മത്സരം നടക്കുന്ന സമയത്തും, ചിപ്പുകള്‍ക്ക് പുറമെ മറ്റ് മേഖലകളിലേക്കും ക്വാല്‍കോം കടക്കാനൊരുങ്ങുന്ന സമയത്താണ് ഈ നടപടി ഉണ്ടാകുന്നത്.
ക്വാല്‍കോമില്‍ മാത്രമല്ല ഈ പ്രതിസന്ധിയുള്ളത്. ടെക്ക് മേഖലയിലെ പല കമ്പനികളും ഇത്തരത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തുകയാണ്. ഇത്തരത്തില്‍ ഓഗസ്റ്റ് മാസം മാത്രം ജോലി നഷ്ടപ്പെട്ടവര്‍ 27,065 പേരെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പിരിച്ചുവിടല്‍ നടപടികള്‍ നിരീക്ഷിക്കുന്ന ലേഓഫ്സ് എന്ന വെബ്സൈറ്റാണ് ഞെട്ടിക്കുന്ന ഈ കണക്ക് പുറത്തുവിട്ടത്.