പ്രൗഡഗംഭീരമായ ചടങ്ങില്‍ യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ സാഹിത്യ ക്ലബ്ബ് നടത്തിയ 'എന്റെ ഇന്ത്യാ' കവിതാ രചനാ മത്സരത്തിലെ വിജയികളെ സമുചിതമായി ആദരിച്ചു. സ്നേഹപൂര്‍വ്വം അവര്‍ കുറിച്ച മാതൃ രാജ്യത്തോടുള്ള വാത്സല്യം തുളുമ്പുന്ന കവിതകള്‍ സദസില്‍ ശ്രുതി മധുരമായി അവതരിപ്പിക്കപ്പെട്ടു. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന് നോര്‍ത്ത് ലിങ്കണ്ഷയറിന്റെ കലാ സാഹിത്യ വിഭാഗമായ യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ സാഹിത്യ ക്ലബ്ബ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തിയ കവിതാ മത്സരത്തിലെ വിജയികള്‍ക്കാണ് സ്വന്തം കവിത റെക്കോര്‍ഡ് ചെയ്തത് സദസിനു മുമ്പില്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചത്. മത്സരത്തില്‍ വിജയികളായവരുടെ കവിതകള്‍ സംഗീതം നല്കി പുരസ്കാര സമര്‍പ്പണ വേദിയില്‍ പ്ലേ ചെയ്താണ് സംഘാടകര്‍ യുവകവികളെ ആദരിച്ചത്.
മുതിര്‍ന്നവര്‍ക്കായി 'പ്രൗഡ്', കുട്ടികള്‍ക്കായി 'യുവക് ' കാറ്റഗറികളിലാണ് മത്സരം നടത്തിയത്. പ്രൗഡ് കാറ്റഗറിയില്‍ ഷിബു മാത്യു വെസ്റ്റ് യോര്‍ക്ക്ഷയറും സുമി ഷൈന്‍ സ്കന്‍തോര്‍പ്പും ഒന്നാം സ്ഥാനം പങ്കിട്ടു. ഷാലു വിപിന്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ ശ്രീലക്ഷ്മി രാകേഷും ലിബിന് ജോര്‍ജും മൂന്നാം സ്ഥാനത്തിന് അര്‍ഹരായി. യുവക് കാറ്റഗറിയില്‍ ദേവസൂര്യ സജീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബില്‍ഹ ഏലിയാസ് രണ്ടാം സ്ഥാനവും ഗബ്രിയേല ബിനോയി മൂന്നാം സ്ഥാനവും നേടി. ഇന്ത്യയോടുള്ള സ്നേഹവും ദേശാഭിമാനവും സ്ഫുരിക്കുന്ന നിരവധി കവിതകളാണ് മത്സരത്തില്‍ എന്‍ട്രിയായി ലഭിച്ചത്. ഡോ. ജെ.കെ.എസ് വീട്ടൂരിന്റെ നേതൃത്വത്തിലുള്ള പാനലാണ് ജഡ്ജിംഗ് നടത്തിയത്.
ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന് നോര്‍ത്ത് ലിങ്കണ്ഷയറിന്റെ ആഭിമുഖ്യത്തില്‍ സ്കന്തോര്പ്പിലെ ന്യൂലൈഫ് ചര്‍ച്ച് ഹാളില്‍ സെപ്റ്റംബര്‍ 7 ന് സംഘടിപ്പിച്ച ചടങ്ങിലാണ് സാഹിത്യ ക്ലബ്ബിന്റെ പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. ലോക കേരള സഭാ മെമ്പര്‍ ഡോ. ജോജി കുര്യാക്കോസ് വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. ഫോക്കസ് ഫിന്‍ഷുവര്‍ മോര്‍ട്ട്ഗേജ് ആന്‍ഡ് ഇന്‍ഷുറന്‍സ്, സേവ്യേഴ്സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ആന്‍ഡ് രജിസ്റ്റേര്‍ഡ് ഓഡിറ്റേഴ്സ്, പ്രൈവറ്റ് ജിപി പ്രാക്ടീസ് ഒപ്റ്റിമ ക്ലിനിക്സ് ഹള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജിഎംപി ഹള്‍ എന്നീ സ്ഥാപനങ്ങളാണ് കവിതാ രചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്തത്. യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ സാഹിത്യ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ബിനോയി ജോസഫ് ക്ലബ്ബിന്റെ ഭാവി പരിപാടികള്‍ വിശദീകരിച്ചു.
കവിതാ പുരസ്കാര വിതരണ ചടങ്ങിന്റെയും വിജയികളുടെ കവിതകളും ഉള്‍പ്പെടുത്തിയ യുട്യൂബ് ലിങ്ക്
Yorkshire and Humber Sahitya Club Award Ceremony- Indian Cultural Association North Lincolnshire