കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ഈ വര്‍ഷത്തെ ഓണാഘോഷം ഞായറാഴ്ച (ഇന്നലെ) നൈലന്റ് വില്ലേജ് ഹാളില്‍ അതി ഗംഭീരമായി ആഘോഷിച്ചു. കണ്ണിനൂം മനസ്സിനൂം കുളിര്മയേകുന്ന കാഴ്ചകളോടെ ഓണാഘോഷ പരിപാടികള്‍ ഏവരുടെയും ഗൃഹാതുരത്വ ഓര്‍മകളെ വാനോളം എത്തിച്ചു. രാവിലെ പതിനൊന്നൂമണിക്ക് തന്നെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഭദ്രം സ്കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച 'ഓണം മെഡ്ലി 2024' ല്കുട്ടികള് ഉള്‍പ്പടെ 33 പേര് പങ്കെടുത്തു.
മാവേലി മന്നനെ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തുന്ന കഥയുടെ പുനരാവിഷ്കാരം ഇവര്‍ സ്റ്റേജില്‍ ഭംഗിയായി അവതരിപ്പിച്ച് കാണികളൂടെ കയ്യടി നേടി. കൂടാതെ കൊയ്ത്തു പാട്ടും സ്റ്റേജില്‍ പ്രത്യേകം തയ്യാറാക്കിയ ചുണ്ടന് വള്ളത്തില്‍ കുട്ടികള്‍ ഓണക്കാലത്ത് വേമ്പനാട്ടുകായലില്‍ നടക്കുന്ന വള്ളംകളിയെ അനൂസ്മരിപ്പിക്കൂം വിധം ആവേശത്തോടെ തുഴയെറിഞ്ഞപ്പോള്‍ പലരേയും ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളിലേയ്ക്ക് ആനയിച്ചു.
തുടര്‍ന്ന് നടന്ന പുലികളിയും ചെണ്ടമേളവും കാണികളില്‍ തൃശൂര്‍ പൂരത്തിന്റെ പ്രതീതി ജനിപ്പിച്ചു. കോള്ചെസ്റ്റര്താളം ഗ്രൂപ്പിന്റെ 17 മേളക്കാര് അണിനിരന്ന് കൊട്ടികയറിയപ്പോള്‍ കാണികളായ ഓരോ മലയാളികളൂടെയും സിരകളില്‍ ആവേശത്തിന്റെ തിരമാലകള്‍ തീര്‍ത്തൂ. കാണികളില്‍ പലരും കയ്യും മെയ്യും മറന്ന്പുലികളിക്കാര്ക്കൊപ്പം നൃത്തം ചവിട്ടി ചെണ്ടമേളത്തിനൊപ്പം താളം പിടിച്ചു. കോള്‍ചെസ്റ്റര്‍ താളം ചെണ്ട ടീമിന്റെ വയലില്‍-ചെണ്ട ഫ്യുഷന് കാണികള്‍ നന്നായി ആസ്വദിച്ചു. പതിനഞ്ചുമിനിട്ടോളം നീണ്ടു നിന്ന ഫ്യുഷന് കോള്‍ചെസ്റ്റര്‍ മലയാളികള്‍ക്ക് ഒരു നവ്യനൂഭവമായിരുന്നൂ.
ദീപാസ് കിച്ചണ്‍ തയ്യാറാക്കിയ സ്വാദിഷ്ടമായ ഓണ സദ്യയ്ക്ക് ശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഗെയിമുകള്‍ ആരംഭിച്ചു. വടം വലി ഉള്‍പ്പടെയുള്ള വിനോദങ്ങള്‍ കുട്ടികളും മുതിര്‍ന്നവരും നന്നായി ആസ്വദിച്ചു. കോള്‍ചെസ്റ്റര്‍ മലയാളികള്‍ക്ക് അഭിമാനമായ കുട്ടികളേയും മുതിര്‍ന്നവരെയും ആദരിക്കല്‍ ചടങ്ങായിരുന്നൂ പിന്നീട്.
ജി സി എസ് ഇ, എ ലെവല്‍ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച കുട്ടികളെ മെഡല്‍ നല്കി ആദരിച്ചു. കൂടാതെ കോള്‍ചെസ്റ്റര്‍ ആസ്ഥാനമാക്കി ചിത്രീകരിച്ച ഷോര്‍ട്ട് ഫിലിം 'ഞാനൂം' നിര്‍മ്മാതാക്കളായ സുമേഷ് മേനോന്, ഷാമി റഹിമിനേയും മെഡന്‍ നല്കി ആദരിച്ചു. ഇവര്‍ നിര്‍മ്മിച്ച ഞാനൂം ഷോര്‍ട്ട് ഫിലിം നിരവധി രാജ്യാന്തര അവാര്‍ഡുകള്‍ നേടിയിരുന്നൂ.
കലാപരിപാടികളില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കൂം മെഡലുകള്‍ സമ്മാനിച്ചു. വൈകുന്നേരം ആറുമണിയോടുകൂടി ഓണാഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീണൂ. പ്രസിഡന്റ് ജോബി ജോര്‍ജ് സ്വഗതവും സെക്രട്ടറി അജയ് പിള്ള നന്ദിയും പറഞ്ഞു. ഇവരുടെ നേതൃത്വത്തില്‍ കമ്മറ്റി അംഗങ്ങളായ സുമേഷ് മേനോന്, സീമ ഗോപിനാഥ്, രാജി ലിന്റോ, നീതു ജിമിന്, റീജ രാജന്, വിനൂ വി ആര്, തോമസ് രാജന്, ആദര്‍ശ് കുര്യന്, ടോമി പാറയ്ക്കല്‍ എന്നിവര്‍ എണ്ണയിട്ട യത്രം പോലെ പ്രവര്‍ത്തിച്ച് ആഘോഷ പരിപാടികള്‍ വന്‍ വിജയമാക്കി.