ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ഒന്നാണ് മോഹന്‍ലാല്‍ പ്രണവ് കോംപിനേഷന്‍. എന്നാല്‍ എന്ന് ഇവരെ ഒന്നിച്ച് ഒരു സ്ക്രീനില്‍ കാണാന്‍ സാധിക്കും എന്നത് എല്ലാവരുടെയും സംശയം തന്നെയായിരുന്നു. അത്തരം ഒരു സിനിമ വരികയാണെങ്കില്‍ പോലും അതൊരു മികച്ച സിനിമ തന്നെയായിരിക്കണം എന്ന് ആരാധകര്‍ക്ക് ഏറെ ആഗ്രഹവും ഉണ്ട്.
ഇപ്പോഴിതാ ആ ആഗ്രഹം സാധിക്കുകയാണ്. ഒന്നാമന്, സാഗര്‍ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളിലൂടെ മാത്രം മലയാളികള്‍ കണ്ടിട്ടുള്ള അച്ഛനും മകനും ഒരുമിച്ചുള്ള ആ കോംപിനേഷന്‍ ആണ് വീണ്ടും സ്ക്രീനിലെത്തുന്നത്.
പക്ഷെ ഇവര്‍ ഒന്നിക്കുന്നത് മലയാളത്തിലല്ലന്ന് മാത്രം. ഈ അച്ഛനു മകനും ഒന്നിക്കുന്നത് തെലുങ്കിലാണ്.
നേരത്തെ മോഹന്‍ലാല്‍ പ്രധാന റോളിലെത്തിയ ജനതാ ഗാരേജ് എന്ന ചിത്രം സംവിധാനം ചെയ്ത കൊരട്ടല ശിവയുടെ പുതിയ ചിത്രത്തിലൂടെയാണ് പ്രണവ് തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്നത്. ഇതില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലും സമ്മതം മൂളിയെന്നാണ് സൂചന.
മോഹന്‍ലാല്‍ നായകനായ ഒന്നാമന്, സാഗര്‍ ഏലിയാസ് ജാക്കി എന്നീ സിനിമകളില്‍ പ്രണവ് അതിഥി വേഷങ്ങളിലെത്തിയിരുന്നു. പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ച ആദി എന്ന സിനിമയില്‍ മോഹന്‍ലാലും ഒരു കാമിയോ റോള്‍ ചെയ്തു. പിന്നീട് കുഞ്ഞാലി മരയ്ക്കാരില്‍ മോഹന്‍ലാലിന്റെ ചെറുപ്പം അവതരിപ്പിച്ചതും പ്രണവ് ആയിരുന്നു.
എന്നാല്‍, ഈ സിനിമകളൊന്നും ഇരുവരും ഒന്നിച്ച മുഴുനീള കോംബോകള്‍ക്ക് അവസരമായിരുന്നില്ല. ഇങ്ങനെയൊരു അവസരമാണ് തെലുങ്ക് ചിത്രത്തിലൂടെ മോഹന്‍ലാല്‍ - പ്രണവ് ആരാധകരെ കാത്തിരിക്കുന്നത്.
ഇതിനിടെ, മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിലും പ്രണവിന്റെ പങ്കാളിത്തമുണ്ടെന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.