കഴിഞ്ഞ 72 ദിവസങ്ങളായി കേരളം മുഴുവന്‍ ഒരൊറ്റ പ്രാര്‍ത്ഥനയില്‍ ആയിരുന്നു, അര്ജുന് വേണ്ടി. ദിവസങ്ങള്‍ നീണ്ടു പോയെങ്കിലും പ്രതീക്ഷ എവിടെയോ ബാക്കി ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ലോറി കണ്ടെത്തിയപ്പോള്‍ അതിനുള്ളില്‍ നിന്നും മൃതദേഹം കൂടി പുറത്തെടുത്തതോടെ ആ പ്രതീക്ഷകളെല്ലാം അസ്തമിച്ചു.
അര്ജുന് വേണ്ടി ആ കുടുംബത്തിനൊപ്പം മലയാളികളുടെ കാത്തിരുപ്പ് കൂടിയാണ് ഇന്നലെ അവസാനിച്ചത്. അര്ജുന് ഇനിയും നോവായി തന്നെ എല്ലാവരുടെയും മനസ്സില്‍ കിടക്കും.
അര്‍ജുന്റെ ലോറിയും അതിനുള്ളില്‍ മൃതദേഹവും കൂടി കണ്ടെടുത്തതോടെ ആ കുടുംബത്തിനൊപ്പം എല്ലാവരും ചേര്‍ന്നു. ഇതിനുപിന്നാലെ വികാരനിര്‍ഭരമായ കുറിപ്പുമായി താരങ്ങളും എത്തി. മമ്മൂട്ടിയും മോഹന്‍ലാലും മഞ്ജുവാര്യരും സോഷ്യല്‍ മീഡിയയിലൂടെയാണ് കുറിപ്പ് പങ്കുവെച്ചത്.
'72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു, നമ്മളും നമ്മളെക്കാള്‍ അര്‍ജുന്റെ കുടുംബവും...ഒടുവില്‍ ഇന്ന് വിട പറയേണ്ടി വന്നു..ആദരാഞ്ജലികള്‍ അര്ജുന്', എന്നാണ് മമ്മൂട്ടി കുറിച്ചത്. നിരവധി പേരാണ് അര്ജുന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പോസ്റ്റിനു താഴെ കമന്റ് ചെയ്യുന്നത്.
അര്‍ജുന്റെ വാര്‍ത്തയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ വഴി നടന് മോഹന്‍ലാലും അനുശോചനം രേഖപ്പെടുത്തിയിരുന്നു. 'മനമുരുകി പ്രാര്‍ഥിച്ച നാം എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അര്ജുന്. പ്രിയ സഹോദരന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികളെന്ന്' മോഹന്‍ലാല്‍ കുറിച്ചു.
നേരത്തെ നടി മഞ്ജു വാര്യരും വികാരമായ കുറിപ്പ് പങ്കുവച്ചിരുന്നു. അര്ജുന്, ഇനി നിങ്ങള്‍ മലയാളികളുടെ മനസ്സില്‍ ജീവിക്കും എന്ന് പറയുന്നത്. മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോര്‍മ. പ്രിയപ്പെട്ട അര്ജുന്, ഇനി നിങ്ങള്‍ മലയാളികളുടെ മനസ്സില്‍ ജീവിക്കും'', മഞ്ജു വാര്യര്‍ തന്റെ പോസ്റ്റില്‍ പറയുന്നു.