ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം ഇംഗ്ലണ്ടിലും വെയിൽസിലും വീണ്ടും കനത്ത മഴയും വെള്ളപ്പൊക്കവും ഭീഷണിയായി എത്തുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഒട്ടുമിക്ക പ്രദേശങ്ങളിലും പേമാരിയും ഇടിമിന്നലും മിന്നൽ പ്രളയവും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്
സെൻട്രൽ, സതേൺ ഇംഗ്ലണ്ടിൻ്റെ ഭാഗങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത മഴയും ഇടിമിന്നലും മൂലമുള്ള പുതിയ യെല്ലോ മുന്നറിയിപ്പ് കാലാവസ്ഥാ ഓഫീസ് പുറപ്പെടുവിച്ചു. ഇവിടങ്ങളിൽ മിന്നൽ പ്രളയത്തിനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു.
നോർത്ത് വെസ്റ്റ് ഭാഗങ്ങളും വെസ്റ്റ് മിഡ്ലാൻഡ്സിൻ്റെ ചില ഭാഗങ്ങളും ഒഴികെ ഇംഗ്ലണ്ടിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വെയിൽസിൻ്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്.
പരിസ്ഥിതി ഏജൻസി ഇതിനകം തന്നെ ഇംഗ്ലണ്ടിലുടനീളം 27 തീവ്ര വെള്ളപ്പൊക്ക മുന്നറിയിപ്പുകളും 60 കുറഞ്ഞ വെള്ളപ്പൊക്ക മുന്നറിയിപ്പുകളും പുറപ്പെടുവിച്ചു.
മിന്നൽ പ്രളയത്തിൽ റോഡുകളിൽ വെള്ളംകയറി ഗതാഗത തടസ്സമുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നു. അതുപോലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും ഷോപ്പുകളും വെള്ളപ്പൊക്കത്തിൽ മുങ്ങാം.
വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാനും ചില സ്ഥലങ്ങൾ ഒറ്റപ്പെടാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. വാഹന യാത്രക്കാർക്കും ഡ്രൈവർമാർക്കും പുറമേ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണം.
കഴിഞ്ഞ വാരാന്ത്യത്തിലും തിങ്കളാഴ്ചകളിലും ഉണ്ടായ കനത്ത മഴയിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിലായി. റോഡുകളും വയലുകളും വെള്ളത്തിൽ മുങ്ങി. വ്യാപകമായി റെയിൽ സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തു.
നദികൾ കരകവിഞ്ഞൊഴുകുകയും ലണ്ടനിൽ വിംബിൾഡൻ ഫുട്ബോൾ സ്റ്റേഡിയം പോലും വെള്ളം നിറഞ്ഞതിനെത്തുടർന്ന് തുടർന്ന് അടച്ചിടുകയും ചെയ്തിരുന്നു.
നോർത്തേൺ അയർലാൻഡിലും ബുധനാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച ഉച്ചവരെ അതിതീവ്ര മഴയുടെ യെല്ലോ അലർട്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു. കനത്ത മഴ പലപ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിനും ഗതാഗത തടസ്സത്തിനും ഇടയാക്കും.
മെറ്റ് ഓഫീസ് പുറപ്പെടുവിച്ച നിലവിലെ മുന്നറിയിപ്പുകൾ:
സതേൺ ഇംഗ്ലണ്ട്, സതേൺ വെയിൽസ്, മിഡ്ലാൻഡ്സിൻ്റെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിൽ വ്യാഴാഴ്ച 10:00 BST മുതൽ
തെക്കൻ ഇംഗ്ലണ്ടിനും തെക്കൻ വെയിൽസിനും ആ മുന്നറിയിപ്പിൻ്റെ തുടർച്ചയായി വെള്ളിയാഴ്ച രാവിലെ 10:00 BST വരെ മഴയും കാറ്റും ഇടിമിന്നലും
വ്യാഴാഴ്ചയും അർദ്ധരാത്രിയും 10:00 BST നും ഇടയിൽ നോർത്തേൺ ഇംഗ്ലണ്ടും പെനൈൻസിന് കിഴക്കും
നോർത്തീസ്റ്റ് ഇംഗ്ലണ്ടും ഉൾക്കൊള്ളുന്ന ഒരു പ്രത്യേക മുന്നറിയിപ്പ്
പെനൈൻസ്, നോർത്ത് യോർക്ക് മൂർസ് എന്നിവിടങ്ങളിൽ 100 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. അതായത് ഇവിടെ ഏതാനും മണിക്കൂറുകൾകൊണ്ട് പെയ്യുക ഏകദേശം ഒരു മാസത്തെ മഴയാണ്.
വെള്ളിയാഴ്ചയ്ക്ക് ശേഷം മഴ മാറുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ ശനിയാഴ്ച ചൂടുള്ള കാലാവസ്ഥ ആയിരിക്കുമെങ്കിലും ഈ വർഷത്തെ താപനില ശരാശരിയേക്കാൾ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.