കേരളത്തില്‍ വീണ്ടും എംപോക്സ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണ്. വിദേശത്ത് നിന്ന് എത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളിപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടോടുകൂടിയായിരുന്നു രോഗനിര്‍ണയം. രോഗം ഗുരുതരമാകാന്‍ സാധ്യതയില്ലെന്ന വിവരമാണ് ആരോഗ്യവിഭാഗം നല്‍കുന്നത്.
മലപ്പുറം സ്വദേശിയായ 38കാരന് ആണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. യുവാവിന് ക്ലേഡ് വണ്‍ ബി വകഭേദമാണ് ബാധിച്ചിരുന്നത്. യുഎഇയില്‍ നിന്ന് ഈയിടെ കേരളത്തിലെത്തിയ യുവാവ് പനിയും മറ്റു രോഗലക്ഷണങ്ങളെയും തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംപോക്സ് സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങളുള്ളവ ഉടന്‍ തന്നെ വൈദ്യസഹായം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചേക്കാം എന്ന വിലയിരുത്തലും ആരോഗ്യവകുപ്പിനുണ്ട്. കേന്ദ്രമാര്‍ഗ നിര്‍ദേശപ്രകാരമാണ് എംപോക്സ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
രോഗവ്യാപന രീതി, പ്രതിരോധം എന്നിവയെ കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുക, ആശുപത്രികളില്‍ ഐസൊലേഷന്‍ സംവിധാനം ഒരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് എം പോക്സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നചാത്തല്ലൂര്‍ സ്വദേശിക്കാണ് ക്ലേഡ് 1 സ്ഥിരീകരിച്ചത്