അയോധ്യ രാമ ക്ഷേത്രത്തിലെ പ്രസാദത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. തിരുപ്പതി ക്ഷേത്രത്തില്‍ പുറംകരാറിലൂടെ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഝാന്‍സിയിലുള്ള സര്‍ക്കാര്‍ ലാബോറട്ടറിയിലേക്കാണ് പ്രസാദം പരിശോധനയ്ക്കയച്ചത്. രാം മന്ദിറില്‍ പ്രസാദമായി നല്കുന്ന ഏലവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് ഒരു ഭക്തന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാദിന്റെ സംയോജിത പരാതി പരിഹാര സംവിധാനത്തിലാണ് പരാതി ലഭിച്ചത്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രസാദം തയാറാക്കുന്ന ഹൈദര്‍ഗഞ്ച് എന്ന പ്രദേശത്ത് നിന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ചു.
നേരത്തെ, ക്ഷേത്രങ്ങളിലെ പ്രസാദ നിര്‍മ്മാണം പുറത്ത് കരാര്‍ കൊടുക്കുന്നത് പൂര്‍ണമായി നിരോധിക്കണമെന്ന് അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞിരുന്നു. പൂജാരിമാരുടെ മേല്‍നോട്ടത്തില്‍ മാത്രമേ പ്രസാദം നിര്‍മ്മിക്കാന്‍ പാടുള്ളൂ. അങ്ങനെ നിര്‍മ്മിക്കുന്ന പ്രസാദം മാത്രമേ ഭഗവാന് സമര്‍പ്പിക്കാന്‍ പാടുള്ളൂവെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
രാജ്യത്ത് വില്‍ക്കുന്ന എണ്ണയുടേയും നെയ്യിന്റേയും പരിശുദ്ധി കര്‍ശനമായി പരിശോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആചാര്യ സത്യേന്ദ്ര ദാസ് ആവശ്യപ്പെട്ടു. അതേസമയം മധുരപലഹാരങ്ങള്‍ക്ക് പകരം വഴിപാടായി ഡ്രൈ ഫ്രൂട്ട്സും നാളികേരവും കൊണ്ടുവന്നാല്‍ മതിയെന്ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ ചില ക്ഷേത്രങ്ങള്‍ ഭക്തരോട് നിര്‍ദ്ദേശിച്ചതായും പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു.