ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് സ്വദേശി അര്‍ജുന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് കേരളത്തിലെത്തി. അഞ്ച് മണിയോടെ വാഹനം കണ്ണൂരില്‍ എത്തി. പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെയായിരുന്നു അന്ത്യയാത്രയ്ക്കായി വീട്ടിലേക്കുള്ള മടക്കവും. നിരവധി പേരാണ് അര്ജുന് അന്തിമോപചാരമര്‍പ്പിക്കാന്‍ വഴി നീളെ കാത്ത് നില്‍ക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് കാര്‍വാര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് പുറപ്പെടുമ്പോള്‍ സഹോദരന് അഭിജിത്തും സഹോദരീഭര്‍ത്താവ് ജിതിനുമാണ് ഒപ്പമുണ്ടായിരുന്നത്.
രക്ഷാ ദൗത്യത്തിന് നേതൃത്വം നല്കിയ കാര്‍വാര്‍ എം.എല്‍.എ സതീശ്കൃഷ്ണ സെയിലും കോഴിക്കോട് കണ്ണാടിക്കലിലെ വീടുവരെ അനുഗമിക്കുന്നുണ്ട്. രാവിലെ ഏഴ് മണിയോടെ കോഴിക്കോട്ടെ വീട്ടിലെത്തുമെന്നാണ് കരുതുന്നത്.
പുലര്‍ച്ചെ രണ്ടരയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. കാസര്‍കോട് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു.