എന്തെല്ലാം കരണങ്ങള്‍ കൊണ്ട് ഒരാളുടെ ജോലി നഷ്ടമാകുന്നു. ചിലര്‍ക്ക് ജോലിയിലെ അലസത കാരണവും ജോലി സ്ഥലത്ത് വൈകി എത്തുന്നതും അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ജോലി നഷ്ടപ്പെട്ടേക്കാം. എന്നാല്‍ വളരെ വ്യത്യസ്തമായ കാരണം കൊണ്ട് ഇവിടെ ഒരു യുവതിക്ക് ജോലി നഷ്ടമായിരിക്കുകയാണ്.
ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. മേലുദ്യോഗസ്ഥന് ഭക്ഷണം വാങ്ങി നല്‍കിയില്ലെന്ന് ആരോപിച്ചാണ് ജീവനക്കാരിക്ക് ജോലി നഷ്ടമായത്.
ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ കമ്പനിക്കെതിരെ വലിയ വിമര്‍ശനം ഉയരുകയായിരുന്നു. എന്നാല്‍ സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയതോടെ ജീവനക്കാരിയെ തിരിച്ചെടുക്കുകയും പിരിച്ചുവിട്ട സൂപ്പര്‍വൈസര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതായി കമ്പനി അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തമാക്കുകയായിരുന്നു.
ഷാങ്ഹായിലെ ഒരു വിദ്യഭ്യാസ സ്ഥാപനത്തില്‍ ജോലിക്ക് കയറിയ ലൂ എന്ന സ്ത്രീയെയാണ് മേലുദ്യോഗസ്ഥയ്ക്ക് പ്രഭാത ഭക്ഷണം വാങ്ങി നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇതോടെ ലൂ തന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റില്‍ യുവതി പറയുന്നത് തന്റെ സൂപ്പര്‍വൈസര്‍ ആയ ലിയു എന്ന സ്ത്രീ എല്ലാദിവസവും രാവിലെ അവര്‍ക്കാവശ്യമായ പ്രഭാതഭക്ഷണം കൊണ്ടുവരണമെന്ന് തന്നോട് നിര്‍ദ്ദേശിച്ചതായാണ്.
തന്റെ മേലുദ്യോഗസ്ഥയുടെ യുക്തിരഹിതമായ ആവശ്യങ്ങളെക്കുറിച്ച് ഒരു വര്‍ക്ക് ചാറ്റ് ഗ്രൂപ്പില്‍ ലൂ പരാതിപ്പെട്ടതോടെ ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റര്‍ അവളെ ശാസിക്കുകയും മാനവ വിഭവശേഷി വകുപ്പ് പിരിച്ചുവിടുകയും ആയിരുന്നു. എന്നാല്‍ കമ്പനി നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ കമ്പനി അധികൃതര്‍ ലൂവിനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആരോപണ വിധേയായ സൂപ്പര്‍വൈസറെ അധികാരം ദുരുപയോഗം ചെയ്തതിന് കമ്പനിയില്‍ നിന്ന് പുറത്താക്കി.